< Back
Kerala
KM Shaji reaction about M Swaraj
Kerala

പിണറായിക്കെതിരെ സിപിഎമ്മിൽ പോരാടുന്ന നേതാവാണ് സ്വരാജ്, സ്ഥാനാർഥിയാക്കിയത് അദ്ദേഹത്തെ തീർക്കാനാവാം: കെ.എം ഷാജി

Web Desk
|
30 May 2025 8:53 PM IST

പാകിസ്താനുമായുള്ള യുദ്ധത്തെക്കുറിച്ചുള്ള നിലപാട് വീണ്ടും പറയാൻ സ്വരാജ് തയ്യാറുണ്ടോയെന്നും ഷാജി ചോദിച്ചു.

മലപ്പുറം: എം. സ്വരാജിനെ നിലമ്പൂരിൽ സ്ഥാനാർഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാൻ വേണ്ടിയാവാമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. സ്വരാജിനെ കൊണ്ടുവരുന്നതിൽ കുറേ അർഥങ്ങളുണ്ട്. സ്വരാജ് നാട്ടുകാരനല്ലേ എന്നാണ് ഇപ്പോൾ ചോദിക്കുന്നത്. അദ്ദേഹം നേരത്തെയും നിലമ്പൂരുകാരനാണ്. പിന്നെ എന്തിനാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ തൃപ്പൂണിത്തുറയിൽ കൊണ്ടുപോയി മത്സരിപ്പിച്ച് നിലമ്പൂരിൽ അൻവറിനെ നിർത്തിയതെന്ന് ഷാജി ചോദിച്ചു.

റിയാസിന് സ്ഥാനങ്ങൾ കിട്ടണമെങ്കിൽ സ്വരാജ് പാടില്ല എന്ന് തീരുമാനിച്ചാൽ വേറെ നിവൃത്തിയില്ല. സിപിഎമ്മിൽ പിണറായി വിരുദ്ധ പോരാട്ടങ്ങളിൽ വലിയ പങ്കുവഹിക്കുന്ന നേതാവാണ് സ്വരാജ്. ഇനി അങ്ങനെ വേണ്ട, അദ്ദേഹത്തെ തീർക്കണമെന്ന് കരുതിയുമാവാം സ്ഥാനാർഥിയാക്കിയത്. ശരീരഭാഷയിലും സംസാരത്തിലും പിണറായിക്ക് പകരം വെക്കാവുന്ന നേതാവാണ് സ്വരാജ്. അദ്ദേഹത്തെ വളരാൻ സമ്മതിക്കില്ലെന്നും ഷാജി പറഞ്ഞു.

യുഡിഎഫിൽ പാർട്ടികൾ തമ്മിൽ പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടാകും. പൊതുമിനിമം പരിപാടിയുടെ ഭാഗമായാണ് മുന്നണിയിൽ പാർട്ടികൾ സഹകരിക്കുന്നത്. ഇടതുപക്ഷത്ത് മുതലാളി പിണറായിയാണ്. എന്നാൽ യുഡിഎഫ് ജനാധിപത്യ സംവിധാനമാണ്. അവിടെ പലരും അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കും. അത് മുതലാളിത്ത പാർട്ടിക്ക് പറഞ്ഞാൽ മനസ്സിലാവില്ലെന്നും ഷാജി പറഞ്ഞു.

പാകിസ്താനുമായുള്ള യുദ്ധത്തെക്കുറിച്ചുള്ള നിലപാട് വീണ്ടും പറയാൻ സ്വരാജ് തയ്യാറുണ്ടോയെന്നും ഷാജി ചോദിച്ചു. മതം ചോദിച്ച് ആളുകളെ കൊന്നത് മുസ്‌ലിംകളുടെ ആത്മാഭിമാനത്തിന് ഏറ്റ ക്ഷതമായിരുന്നു. അതിന് ഒരു തിരിച്ചടി അനിവാര്യമായിരുന്നു എന്ന രീതിയിലാണ് യുദ്ധത്തെ തങ്ങൾ കാണുന്നത്. നേരത്തെയുള്ള നിലപാടിൽ സ്വരാജ് ഉറച്ചുനിൽക്കുന്നുണ്ടോയെന്നും ഷാജി ചോദിച്ചു.

Similar Posts