< Back
Kerala
അനധികൃത സ്വത്ത് സമ്പാദനം: തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന്  കെ.എം എബ്രഹാം; മുഖ്യമന്ത്രിക്ക് കത്ത് നൽകി
Kerala

അനധികൃത സ്വത്ത് സമ്പാദനം: തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് കെ.എം എബ്രഹാം; മുഖ്യമന്ത്രിക്ക് കത്ത് നൽകി

Web Desk
|
16 April 2025 6:59 AM IST

ഗൂഢാലോചന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യം

തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന കേസിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവന്ന ആരോപണവുമായി മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാം. തന്‍റെ ഭാഗം ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രിക്കു നൽകിയ കത്തിലാണ് കെ.എം എബ്രഹാമിന്റെ ആരോപണം. ഗൂഢാലോചന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കെ.എം എബ്രഹാം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിട്ടും കെ.എം അബ്രഹാമിന് കവചം ഒരുക്കുന്ന സർക്കാർ ഗൂഢാലോചന അന്വേഷിക്കണം എന്ന ആവശ്യം കൂടി അംഗീകരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

കേസിലെ പരാതിക്കാരനായ ജോമോൻ പുത്തൻപുരയ്ക്കലിന് എതിരെയാണ് കെ.എം എബ്രഹാം ഗൂഢാലോചന ആരോപണം ഉന്നയിക്കുന്നത്. ജോമോന് ഒപ്പം താൻ ധന സെക്രട്ടറിയായിരിക്കെ അഴിമതി കണ്ടെത്തിയ പൊതുമേഖലാ സ്ഥാപനത്തിലെ രണ്ടു ഉന്നതരും ഗൂഢാലോചനയുടെ ഭാഗമാണെന്നും കെ.എം എബ്രാഹം കുറ്റപ്പെടുത്തി. ഇതിന് തെളിവായി ടെലഫോൺ വിശദാംശങ്ങൾ തൻ്റെ കൈവശമുണ്ടെന്നും കെ എം എബ്രഹാം മുഖ്യമന്ത്രിയെ അറിയിച്ചു. പരാതിക്കാരനും പൊതുമേഖലാ സ്ഥാപനത്തിലെ തലപ്പത്ത് ഉണ്ടായിരുന്ന ഉന്നതരും പല ഘട്ടത്തിലും പരസ്പരം സംസാരിച്ചിട്ടുണ്ട്.

2015 മുതൽ ആരംഭിച്ചതാണ് ഈ ഗൂഢാലോചന എന്നും കെ .എം എബ്രഹാം മുഖ്യമന്ത്രിയെ അറിയിച്ചു. അതിനാൽ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഗൂഢാലോചന പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്നാണ് കത്തിലെ പ്രധാനപ്പെട്ട ആവശ്യം. കിഫ്ബി ജീവനക്കാരോട് വിഷുദിന സന്ദേശത്തിലൂടെ വിശദീകരിച്ച കാര്യങ്ങളെല്ലാം മുഖ്യമന്ത്രിക്ക് നൽകിയ കത്തിലും ആവർത്തിക്കുന്നു. ഇതിനൊപ്പം കൂടുതൽ വിശദാംശങ്ങളും മുഖ്യമന്ത്രിക്ക് കത്തിനൊപ്പം കൈമാറി. ഭാര്യയുടെ ബാങ്ക് ഇടപാടുകളുടെ സ്റ്റേറ്റ്മെൻ്റും ഇതിൽ പെടും.

തനിക്കെതിരായ നീക്കങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ നീക്കമായിട്ടാണ് കെ.എം എബ്രഹാം കത്തിൽ വിശേഷിപ്പിക്കുന്നത്. താൻ സ്വയം രാജിവെക്കില്ലെന്ന് നിലപാടിൽ ഉറച്ചു നിന്നുകൊണ്ടാണ് മുഖ്യമന്ത്രിക്കും കത്ത് നൽകിയിട്ടുള്ളത്. ഇക്കാര്യത്തിൽ തീരുമാനം മുഖ്യമന്ത്രിക്ക് സ്വീകരിക്കാമെന്നും കത്തിൽ വിശദീകരിച്ചിട്ടുണ്ട്.


Related Tags :
Similar Posts