< Back
Kerala
ഉദിച്ചുയരേണ്ട താരങ്ങൾ ഉദിക്കും,അല്ലാത്തത് അസ്‌തമിക്കും;  രാഹുലിനെതിരെ നിലപാട് കടുപ്പിച്ച് കെ.മുരളീധരന്‍
Kerala

'ഉദിച്ചുയരേണ്ട താരങ്ങൾ ഉദിക്കും,അല്ലാത്തത് അസ്‌തമിക്കും'; രാഹുലിനെതിരെ നിലപാട് കടുപ്പിച്ച് കെ.മുരളീധരന്‍

Web Desk
|
30 Nov 2025 8:51 AM IST

സസ്പെന്‍ഡ് ചെയ്ത ആളുകളെ ഇനി ഒരുപരിപാടിയിലും കയറ്റരുത് എന്ന് പറഞ്ഞിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ' ഉദിച്ചുയരേണ്ട താരങ്ങൾ ഉദിക്കും, അല്ലാത്തത് അസ്‌തമിക്കും. സ്ഥാനാർഥികൾക്ക് വേണ്ടി രാഹുല്‍ പ്രചാരണത്തിന് ഇറങ്ങേണ്ട. സസ്പെന്‍ഡ് ചെയ്ത ആളുകളെ ഇനി ഒരുപരിപാടിയിലും കയറ്റരുത് എന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ എന്നേ രാഹുലിനെ സസ്പെന്‍ഡ് ചെയ്തുകഴിഞ്ഞു. ഇത് പുറത്താക്കലിന് തുല്യമാണ്.പുറത്താക്കിയ ഒരാളെ വീണ്ടും പുറത്താക്കേണ്ട ആവശ്യമില്ല.ആശയ ദാരിദ്ര്യം കാരണമാണ് സിപിഎം ഇത് ഇപ്പോഴും പറഞ്ഞു നടക്കുന്നത്. ഞങ്ങള്‍ ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തു'. മുരളീധരന്‍ പറഞ്ഞു.

'വീക്ഷണത്തോട് വിശദീകരണം തേടേണ്ട കാര്യമില്ല.പത്രസ്വാതന്ത്ര്യം ഞങ്ങളുടെ പാര്‍ട്ടി പത്രത്തിനുമുണ്ട്.അതില്‍ ഞങ്ങള്‍ ഇടപെടില്ല. പാര്‍ട്ടി ചാനലാണെങ്കിലും ഞങ്ങള്‍ ഇടപെടില്ല..'.മുരളീധരന്‍ പറഞ്ഞു.

അതേസമയം, രാഹുൽ വിവാദം തെരഞ്ഞെടുപ്പിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് പാലക്കാട് ഡിസിസി പ്രസിഡന്‍റ് എ.തങ്കപ്പന്‍ പറഞ്ഞു. 'രാഹുലിനെ ആരും പിന്തുണയ്ക്കുന്നില്ല. അന്വേഷണം നടക്കട്ടെ, ജില്ലയിൽ പാർട്ടിക്ക് പ്രതിസന്ധിയില്ല.രാഹുലിനെ അന്നേ ഞങ്ങൾ തള്ളിപ്പറഞ്ഞതാണ്. രാഹുൽ രാജിവെക്കണമോ വേണ്ടയോ എന്ന കാര്യം കോടതി നടപടികള്‍ക്കനുസരിച്ച് പാർട്ടി തീരുമാനിക്കും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഒരു കോട്ടവും പറ്റിയിട്ടില്ല..'തങ്കപ്പന്‍ പറഞ്ഞു.


Similar Posts