< Back
Kerala
കുടുംബത്തിലെ ജ്യേഷ്ഠസഹോദരി പാർട്ടിയെ തകർക്കാൻ നിൽക്കുന്ന ആളുകളോടൊപ്പം പോകരുതായിരുന്നു, പാർട്ടി വിട്ടതിൽ അയിഷാ പോറ്റി പിന്നീട് വിഷമിക്കും: കെ.എൻ ബാലഗോപാൽ
Kerala

'കുടുംബത്തിലെ ജ്യേഷ്ഠസഹോദരി പാർട്ടിയെ തകർക്കാൻ നിൽക്കുന്ന ആളുകളോടൊപ്പം പോകരുതായിരുന്നു, പാർട്ടി വിട്ടതിൽ അയിഷാ പോറ്റി പിന്നീട് വിഷമിക്കും': കെ.എൻ ബാലഗോപാൽ

Web Desk
|
15 Jan 2026 9:33 PM IST

ഇടതുപക്ഷവും പാർട്ടിയും അവർക്കായി പ്രവർത്തിച്ചത് അവർ കാണേണ്ടതായിരുന്നുവെന്നും ബാലഗോപാൽ പ്രതികരിച്ചു

കൊല്ലം: അയിഷാ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ വൈകാരിക പ്രതികരണവുമായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍. കുടുംബത്തിലെ ജ്യേഷ്ഠസഹോദരി പാര്‍ട്ടിയെ തകര്‍ക്കാന്‍ നില്‍ക്കുന്ന ആളുകളോടൊപ്പം ചേര്‍ന്നതില്‍ അതീവ ദുഖമുണ്ട്. പാര്‍ട്ടി വിട്ടതില്‍ പിന്നീട് അയിഷാ പോറ്റി വിഷമിക്കേണ്ടി വരുമെന്നും കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

അയിഷാ പോറ്റി കോണ്‍ഗ്രസില്‍ പോകാന്‍ പാടില്ലായിരുന്നു. വ്യക്തിപരമായി തനിക്ക് ദേഷ്യമില്ല. ഒന്നുമാകാത്ത എത്രയോ സഖാക്കളുണ്ട്. അവര്‍ കൂടി പ്രവര്‍ത്തിച്ചല്ലേ ജനപ്രതിനിധി ആകുന്നത്. ഇപ്പോള്‍ പോയതില്‍ പിന്നീട് അവര്‍ക്ക് വിഷമമുണ്ടാകും. ഇടതുപക്ഷവും പാര്‍ട്ടിയും അവര്‍ക്കായി പ്രവര്‍ത്തിച്ചത് കാണേണ്ടതായിരുന്നു.

കുടുംബത്തിലെ ജ്യേഷ്ഠസഹോദരി നമ്മളെ തകര്‍ക്കാന്‍ നില്‍ക്കുന്ന ആളുകളോടൊപ്പം ചേര്‍ന്നതില്‍ അതീവദുഖമുണ്ടെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണിവിട്ട വിട്ട അയിഷാ പോറ്റിക്കെതിരെ മുന്നണിക്കകത്തും പാര്‍ട്ടിക്കകത്തും കനത്ത പ്രതിഷേധമാണുയരുന്നത്. പോറ്റിയുടെ നിലപാട് അവസരവാദപരമാണെന്നും പാര്‍ട്ടിയാണ് അവരെ എംഎല്‍എ ആക്കിയതെന്നും ചൂണ്ടിക്കാട്ടി സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അയിഷാ പോറ്റി വര്‍ഗ വഞ്ചന കാണിച്ചെന്നായിരുന്നു ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ നിലപാട്.

Similar Posts