< Back
Kerala

Kerala
'ജി.എസ്.ടി നിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടില്ല'; കേന്ദ്രത്തെ തള്ളി കെ.എൻ ബാലഗോപാൽ
|26 July 2022 5:36 PM IST
ആഡംബര വസ്തുക്കളുടെ നികുതി പുനസ്ഥാപിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം: ജി.എസ്.ടി നിരക്ക് കൂട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. നിരക്ക് കൂട്ടരുതെന്ന് രേഖാമൂലം അറിയിച്ചതാണ്. ആഡംബര വസ്തുക്കളുടെ നികുതി പുനസ്ഥാപിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.
അതേസമയം, ജി.എസ്.ടി നിരക്ക് വർധനയിൽ സംസ്ഥാനങ്ങൾക്ക് എതിർപ്പില്ലെന്നും വർധന ശിപാർശ ചെയ്തത് കേരള ധനമന്ത്രി ഉൾപ്പെട്ട സമിതിയാണെന്നുമാണ് കേന്ദ്രസർക്കാരിന്‍റെ വാദം. റിപ്പോർട്ട് സമർപ്പിച്ചത് സമിതി അംഗങ്ങൾക്കിടയിലെ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയെ അറിയിച്ചു.