< Back
Kerala
സതീശന്റെ കൈയിൽ തെളിവുണ്ടെങ്കിൽ പറയട്ടെ; ആരോപണങ്ങളിൽ പ്രതികരിച്ച് കെ.എൻ ഉണ്ണികൃഷ്ണൻ എംഎല്‍എ
Kerala

'സതീശന്റെ കൈയിൽ തെളിവുണ്ടെങ്കിൽ പറയട്ടെ'; ആരോപണങ്ങളിൽ പ്രതികരിച്ച് കെ.എൻ ഉണ്ണികൃഷ്ണൻ എംഎല്‍എ

Web Desk
|
19 Sept 2025 1:36 PM IST

രാഷ്ട്രീയപാർട്ടികളും ഇത്തരം പ്രചാരണങ്ങൾ നിരുത്സാഹപ്പെടുത്തണമെന്നും കെ.എൻ ഉണ്ണികൃഷ്ണൻ

കൊച്ചി: എറണാകുളത്തെ സിപിഎം നേതാവായ കെ.ജെ ഷൈനും തനിക്കും എതിരായ അപവാദ പ്രചാരണങ്ങളില്‍ പ്രതികരണവുമായി വൈപ്പിന്‍ എംഎല്‍എ കെ.എന്‍ ഉണ്ണികൃഷ്ണന്‍.

'സിപിഎം നേതാക്കള്‍ക്കെതിരെ പൊട്ടാന്‍ പോകുന്ന ബോംബിന്‍റെ ഭാഗമാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറയട്ടെ. സിപിഎമ്മിന്‍റെ ഭാഗത്ത് നിന്നാണ് ഈ സംഭവം ആദ്യമായി വന്നതെന്ന് സതീശന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ വിശ്വസനീയമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും പറഞ്ഞിട്ടുണ്ടാകുക.അങ്ങനെ ഉണ്ടെങ്കില്‍ സതീശന്‍ വ്യക്തമാക്കട്ടെ. എല്ലാ രാഷ്ട്രീയപാർട്ടികളും ഇത്തരം പ്രചാരണങ്ങൾ നിരുത്സാഹപ്പെടുത്തണം. താന്‍ തെറ്റ് ചെയ്യാത്തത് കൊണ്ട് മാനസിക പ്രയാസമില്ല.കള്ളപ്രചരണത്തിന് മനസ്സ് തകർക്കാൻ കഴിയില്ല. ഷൈൻ ടീച്ചറെയും ഇത്തരം പ്രചാരണങ്ങൾ കൊണ്ട് കീഴ്പ്പെടുത്താനാവില്ല'. കെ.എന്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയെന്ന് കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽ എ പറഞ്ഞു.

അതേസമയം, പ്രതിപക്ഷ നേതാവിന്റെ അറിവോടെയുള്ള സൈബർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് കെ.ജെ ഷൈൻ ആരോപിച്ചു.ഒരു ബോംബ് വരുന്നുണ്ടെന്ന കോൺഗ്രസ് പ്രാദേശിക നേതാവിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സൈബർ ഹാൻഡിലുകളിൽ അപവാദ പ്രചാരണം പ്രത്യക്ഷപ്പെട്ടതെന്നാണ് കെ.ജെ ഷൈനിൻ്റെ വാദം.കെട്ടിച്ചമച്ച സംഭവമാണെന്നും യാതൊരു ഉളുപ്പുമില്ലാതെ പച്ച നുണ പറയുകയാണെന്നും ഷൈനിൻ്റെ ഭർത്താവും പ്രതികരിച്ചു.

സിപിഎം വിഭാഗീതയാണ് വിവരം പുറത്തുവരാൻ കാരണമെന്ന് വി.ഡി.സതീശൻ പറഞ്ഞു. ആരോപണത്തിന് പിന്നാലെയുള്ള എം.എൽ.എയുടെ വരികൾക്കിടയിൽ ഉത്തരമുണ്ടെന്നും ഇതുപോലെത്തെ കേസ് ഉണ്ടായാൽ തൻ്റെ നെഞ്ചത്ത് കയറുന്നതെന്തിനെന്നായിരുന്നു വി.ഡി.സതീശന്‍ ചോദിച്ചു.


Similar Posts