< Back
Kerala
മുസ്‌ലിം ലീഗ് നേതാവ് കെ.എൻ.എ ഖാദർ ആർഎസ്എസ് വേദിയിൽ
Kerala

മുസ്‌ലിം ലീഗ് നേതാവ് കെ.എൻ.എ ഖാദർ ആർഎസ്എസ് വേദിയിൽ

Web Desk
|
21 Jun 2022 10:39 PM IST

കെ.എൻ.എ ഖാദറിനെ ആർഎസ്എസ് നേതാവ് ജെ.നന്ദകുമാർ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എൻ.എ ഖാദർ ആർഎസ്എസ് വേദിയിൽ. കോഴിക്കോട് കേസരിയിൽ സ്‌നേഹബോധി സാംസ്‌കാരിക സമ്മേളനത്തിലാണ് ലീഗ് നേതാവ് പങ്കെടുത്തത്. കെ.എൻ.എ ഖാദറിനെ ആർഎസ്എസ് നേതാവ് ജെ.നന്ദകുമാർ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

അരമണിക്കൂറിലധികം നീണ്ട അദ്ദേഹത്തിന്റെ പ്രസംഗത്തിനിടയില്‍ ആര്‍ എസ് എസ് ബൗദ്ധിക വിഭാഗമായ പ്രജ്ഞാപ്രവാഹിന്റെ ദേശീയ കണ്‍വീനറായ ജെ നന്ദകുമാറിനെ പ്രശംസിക്കുന്നുണ്ട്. ഒരു സമയത്ത് എന്നെ മുസ്‌ലിം തീവ്രവാദിയെന്ന് പ്രചരിപ്പിച്ചു. ഗുരുവായൂരില്‍ മത്സരിച്ച സമയത്ത് ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് പോയപ്പോള്‍ എന്നെ സംഘിയാക്കി. പിന്നെ ഞാന്‍ നിരീശ്വരവാദിയാണെന്ന് പറഞ്ഞു. യഥാര്‍ഥത്തില്‍ ഞാന്‍ ആരാണെന്നാണ് ഞാന്‍ പഠിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുവര്‍ണ ക്ഷേത്രത്തില്‍ പോയപ്പോള്‍ പൂജാരിയുടെ മകന്‍ ഹര്‍മീന്ദര്‍ സിംഗിനെ കെട്ടിപ്പിടിച്ച് കരഞ്ഞിട്ടുണ്ട്. ഓരോ സംഭവവും ഓരോ രീതിയിലാണ് ഓരോരുത്തരും നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിവാദമായ സാഹചര്യത്തില്‍ പരിപാടിയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് കെ എന്‍ എ ഖാദര്‍ രംഗത്തെത്തി. സാംസ്കാരിക പരിപാടിയെന്ന നിലയിലാണ് പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ദുഷ്പ്രചാരണം നടത്തുന്നത് ശരിയല്ല. പരിപാടിയില്‍ പങ്കെടുത്തത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. സാദിഖലി ശിഹാബ് തങ്ങളും മുസ്‌ലിം ലീഗും സ്വീകരിക്കുന്ന നിലപാടാണ് തന്റേതെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

നിലവിൽ മുസ്‌ലിം ലീഗിന്റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മുൻ എംഎൽഎയുമാണ് കെ.എൻ.എ ഖാദർ.


Similar Posts