
'വസ്ത്രം കണ്ടാല്‍ അറിയാമെന്ന് മോദിജി, പേര് കണ്ടാല്‍ അറിയാമെന്ന് സജിജി': വിദ്വേഷ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ കെ.എന്‍.എ ഖാദര്‍
|വിദ്വേഷ പരാമർശത്തിൽ മന്ത്രി സജി ചെറിയാനും സിപിഎമ്മിനുമെതിരെ മുസ്‌ലിം ലീഗും രംഗത്ത് എത്തിയിരുന്നു
മലപ്പുറം: വര്‍ഗീയ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ മുസ് ലിം ലീഗ് നേതാവ് അഡ്വ കെ.എൻ.എ ഖാദർ.
'വസ്ത്രം കണ്ടാൽ അറിയാമെന്ന് മോഡിജി പേര് കണ്ടാൽ അറിയാമെന്ന് സജിജി'- എന്നായിരുന്നു കെ.എൻ.എ ഖാദറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ തുടര്‍ന്നായിരുന്നു ധരിച്ച വസ്ത്രം നോക്കി ആക്രമികളെ വേഗത്തില്‍ തിരിച്ചറിയാമെന്ന മോദിയുടെ വിവാദ പരാമര്‍ശം.
അതേസമയം വിദ്വേഷ പരാമർശത്തിൽ മന്ത്രി സജി ചെറിയാനും സിപിഎമ്മിനും എതിരെ മുസ്‌ലിം ലീഗും രംഗത്ത് എത്തിയിരുന്നു. നാല് വോട്ടിനുവേണ്ടി വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. ഒരു ജനവിഭാഗത്തെ ലക്ഷ്യം വെച്ചുള്ള പ്രചാരണമാണ് നടത്തുന്നതെന്നും മലയാളിയുടെ മണ്ണിൽ വർഗീയത ചിലവാകില്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
തെരഞ്ഞെടുപ്പിൽ മതാടിസ്ഥാനത്തിൽ വിജയിച്ചു വരുന്ന പ്രവണതയാണ് ചൂണ്ടിക്കാട്ടിയതെന്നായിരുന്നു സജി ചെറിയാന്റെ ന്യായീകരണം. സജി ചെറിയാന്റേത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.