< Back
Kerala
കൊച്ചിയില്‍ ഡിജെ പാര്‍ട്ടിക്കിടെ കൊലപാതകം: സ്ത്രീകളോടുള്ള മോശം പെരുമാറ്റം ചോദ്യംചെയ്തതിന് പിന്നാലെ
Kerala

കൊച്ചിയില്‍ ഡിജെ പാര്‍ട്ടിക്കിടെ കൊലപാതകം: സ്ത്രീകളോടുള്ള മോശം പെരുമാറ്റം ചോദ്യംചെയ്തതിന് പിന്നാലെ

Web Desk
|
26 Sept 2022 6:50 AM IST

പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്

കൊച്ചിയില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ മൊഴികളും പൊലീസ് ഇന്ന് വിശദമായി രേഖപ്പെടുത്തും.

ഡിജെ പരിപാടിക്കിടെ ഉണ്ടായ തർക്കത്തിൽ പള്ളുരുത്തി സ്വദേശി രാജേഷ് കൊല്ലപ്പെട്ട കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞതായാണ് വിവരം. കാസര്‍കോട് സ്വദേശികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നാണ് സൂചന.

കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിനു സമീപമുള്ള ഗ്രൗണ്ടിലാണ് ഇന്നലെ ഡിജെ പരിപാടി നടന്നത്. പരിപാടിക്കിടെ പുറത്ത് നിന്നെത്തിയ രണ്ടു പേർ സ്ത്രീകളോട് അപമര്യാദയായി പെരുമാറി. രാജേഷ് ഉൾപ്പെടെയുള്ള സംഘാടകർ ഇവരെ തടയുകയും സ്ഥലത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. പരിപാടിക്ക് ശേഷം ഇവർ തിരികെയെത്തി വീണ്ടും സംഘാടകരുമായി വാക്കേറ്റം ഉണ്ടാവുകയും രാജേഷിനെ കുത്തുകയുമായിരുന്നു.

പൊലീസിന്റെ അനുമതിയോടെ ആയിരുന്നില്ല ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത്. സംഘാടകര്‍ക്കെതിരെയും കേസെടുക്കാനാണ് സാധ്യത.

Related Tags :
Similar Posts