< Back
Kerala
nedumbassery Airport

നെടുമ്പാശ്ശേരി വിമാനത്താവളം

Kerala

നെടുമ്പാശ്ശേരി വിമാനത്താവളം 25-ാം വയസിലേക്ക്

Web Desk
|
25 May 2023 7:14 AM IST

പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്ത് ആദ്യമായി നിർമിച്ച വിമാനത്താവളമാണ് നെടുമ്പാശ്ശേരി

കൊച്ചി: മലയാളികളുടെ സ്വപ്നങ്ങൾക്ക് ആകാശത്തോളം ചിറക് മുളപ്പിച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് 25 വയസാകുന്നു. പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്ത് ആദ്യമായി നിർമിച്ച വിമാനത്താവളമാണ് നെടുമ്പാശ്ശേരി. വ്യോമയാന മേഖലയിൽ വലിയ വികസന നേട്ടങ്ങൾ കൊയ്ത വിമാണത്താവളം 1,000 കോടി രൂപയുടെ വികസന പദ്ധതികളാണ് ഇരുപത്തിയഞ്ചാം വർഷത്തിൽ ലക്ഷ്യമിടുന്നത്.

1994 മാർച്ച് 30ന് കൊച്ചി ഇന്‍റര്‍നാഷണൽ എയർപോർട് ലിമിറ്റഡ് അഥവാ സിയാൽ എന്ന കമ്പനിക്ക് രൂപം നൽകി നെടുമ്പാശ്ശേരിയിൽ 1300 ഏക്കറിലാണ് വിമാനത്താവളത്തിന് തുടക്കമിട്ടത്. 5 വർഷം ആകുമ്പോൾ 1999 മേയ്‌ 25ന് വിമാനത്താവളം രാഷ്ട്രത്തിനു സമർപ്പിച്ചു. ഒരുമാസം തികയും മുൻപ് ആദ്യ വാണിജ്യ വിമാനം ഇവിടെ പറന്നിറങ്ങി. തൊട്ടടുത്ത മാസം തന്നെ നാവിക വിമാനത്താവളത്തിൽ നിന്നുള്ള മുഴുവൻ വാണിജ്യ സർവീസുകളും ഇവിടേക്ക് മാറി. അങ്ങനെ ആകാശ സ്വപ്‌നങ്ങൾക്ക് വേഗം കൂടി.

ഇപ്പോൾ 15 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ആഭ്യന്തര ടെർമിനൽ ബിസിനസ് ജെറ്റ് വിമാനങ്ങൾക്കായി പ്രത്യേക ജെറ്റ് ടെർമിനൽ. 35000 ചതുരശ്ര അടി വിസ്തീർണമുള്ള വി.ഐ.പി ലോഞ്ച് വിദേശ ആഭ്യന്തര കാർഗോ ടെർമിനൽ, എന്നിവയുണ്ട്. പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ആദ്യ വിമാനത്താവളമെന്ന മേന്മയും കൊച്ചി സ്വന്തമാക്കി. 19 വർഷം പിന്നിട്ട 2018ൽ യാത്രക്കാരുടെ എണ്ണം 1 കോടി പിന്നിട്ടു. കോവിഡ് കാലത്ത് 29 ലക്ഷമായി ചുരുങ്ങിയെങ്കിലും കഴിഞ്ഞ വർഷാവസാനം 89.28 ലക്ഷമായി. സർവീസുകളുടെ എണ്ണം ഈ വർഷം 70000 കടക്കും.

Similar Posts