< Back
Kerala
കൊച്ചി മെട്രോ നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കും
Kerala

കൊച്ചി മെട്രോ നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കും

Web Desk
|
30 Jun 2021 4:11 PM IST

രാജ്യാന്തര വിമാനങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ വിലക്ക് ജൂലൈ 31 വരെ നീട്ടി

കൊച്ചി മെട്രോ നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കും. തിരക്കുള്ള സമയങ്ങളില്‍ പത്ത് മിനിറ്റ് ഇടവേളകളിലും മറ്റ് സമയങ്ങളില്‍ പതിനഞ്ച് മിനുറ്റ് ഇടവേളകളിലുമായിരിക്കും മെട്രോ സർവീസ് ഉണ്ടാകുക.

53 ദിവസങ്ങൾക്ക് ശേഷമാണ് കൊച്ചി മെട്രോ പുനരാരംഭിക്കുന്നത്. രാവിലെ എട്ടുമണി മുതൽ വൈകുന്നേരം എട്ടുമണി വരെയാണ് സർവീസ് ഉണ്ടായിരിക്കുക. കോവി‍ഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും മെട്രോ സർവീസ് ആരംഭിക്കുക.

എല്ലാ സ്റ്റേഷനുകളിലും യാത്രക്കാരുടെ താപനില പരിശോധിക്കും. ടിക്കറ്റ് കൗണ്ടറുകളിലും സ്റ്റേഷനിലും ട്രെയിനിലും സാമൂഹിക അകലം ഉറപ്പ് വരുത്തും. ഓരോ യാത്രക്ക് ശേഷവും ട്രെയിൻ ശുചീകരിക്കും. ട്രെയിനുകളുടെ താപനില 26 ഡിഗ്രിയായി നിലനിര്‍ത്തുമെന്നും കൊച്ചി മെട്രോ അറിയിച്ചു.

ലോക് ഡൗണ്‍ ഇളവുകൾ നല്‍കുമ്പോള്‍ കര്‍ശനജാഗ്രത വേണമെന്ന് കേരളത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. ജില്ലാ - വാര്‍ഡ് തലങ്ങളില്‍ പ്രത്യേക നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നല്‍കിയ നിര്‍ദേശത്തിലുണ്ട്.

അതിനിടെ രാജ്യാന്തര വിമാനങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ വിലക്ക് ജൂലൈ 31 വരെ നീട്ടി.

Similar Posts