< Back
Entertainment
കൊച്ചി റീജിയണല്‍ ചലച്ചിത്രോത്സവം; പതിനഞ്ച് ചിത്രങ്ങള്‍ ഇന്ന് പ്രദർശിപ്പിക്കും
Entertainment

കൊച്ചി റീജിയണല്‍ ചലച്ചിത്രോത്സവം; പതിനഞ്ച് ചിത്രങ്ങള്‍ ഇന്ന് പ്രദർശിപ്പിക്കും

Web Desk
|
2 April 2022 7:05 AM IST

ഇന്ന് മാത്രം ഏഴ് ഇന്ത്യന്‍ സിനിമകളാണ് പ്രദർശിപ്പിക്കുക

കൊച്ചി റീജിയണൽ ഐഎഫ്എഫ്കെയുടെ രണ്ടാം ദിനമായ ഇന്ന് പതിനഞ്ച് ചിത്രങ്ങള്‍ പ്രദർശിപ്പിക്കും. തിരുവനന്തപുരം ചലച്ചിത്രമേളയിൽ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ച 'ആവാസവ്യൂഹം' ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുക .

തിരുവനന്തപുരത്ത് നടന്ന മേളയില്‍ മികച്ച മലയാള ചിത്രത്തിനും പുതുമുഖ സംവിധായകന്റെ ചിത്രത്തിനുമുള്ള പുരസ്കാരം നേടിയത് ആവസവ്യൂഹം എന്ന സിനിമയായിരുന്നു. കൊച്ചിയിലെ ഒരു ചെറിയ ദ്വീപിലെ ആവാസവ്യവസ്ഥയെയും ജീവിതത്തെയും കുറിച്ച് പറയുന്ന ചിത്രം സംവിധാനം ചെയ്തത് കൃഷാന്ദ് ആണ്. ഇതുള്‍പ്പെടെയുള്ള ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുക.

പ്രഭാഷ് ചന്ദ്ര സംവിധാനം ചെയ്ത അയാം നോട്ട് ദി റിവർ ഝലം, ഇൻസ് മരിയ ബാരിയോന്യൂവോ സംവിധാനം ചെയ്ത കമീല കംസ് ഔട്ട് ടുണൈറ്റ് എന്നീ ചിത്രങ്ങൾ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും. ജി.അരവിന്ദന്റെ കുമ്മാട്ടിയുടെ 4കെ പതിപ്പും ഇന്ന് പ്രദർശനത്തിനുണ്ട്.ഇന്ന് മാത്രം ഏഴ് ഇന്ത്യന്‍ സിനിമകളാണ് പ്രദർശിപ്പിക്കുക.

ജയരാജ് ചിത്രം നിറയെ തത്തകളുള്ള മരം, പ്രസൻ ചാറ്റർജിയുടെ ടു ഫ്രണ്ട്‌സ്, സംവിധായകൻ കെ എസ് സേതുമാധവന് ആദരവായി ഹോമേജ് വിഭാഗത്തിൽ മറുപക്കം, ബാഗ് ദി ടൈഗർ തുടങ്ങിയവയാണ് അവ. ഓസ്കാർ നോമിനേഷന്‍ നേടിയ എ ഹീറോ ഉൾപ്പടെ ആറ് ലോക സിനിമകളും ഇന്നുണ്ട്.

മേളയോടോനുബന്ധിച്ച് സാംസ്കാരിക പരിപാടികളും വൈകുന്നേരങ്ങളില്‍ നടക്കും. വൈകീട്ട് ഏഴിന് രമ്യ വിനയകുമാറും സുദീപ് പാലനാടും ചേർന്ന് അവതരിപ്പിക്കുന്ന രസിക ബാന്‍ഡിന്റെ പ്രകടനം അരങ്ങേറും.

Similar Posts