
കൊച്ചി കപ്പൽ അപകടം: കപ്പലിലെ 24 ജീവനക്കാരെയും കൊച്ചിയിൽ എത്തിച്ചു
|നേവിയുടെയും കോസ്റ്റ് ഗാർഡിൻ്റെയും കപ്പലുകളിലാണ് ജീവനക്കാരെ കൊണ്ടുവന്നത്
കൊച്ചി: പുറംകടലിൽ മുങ്ങിയ എംഎസ്‌സി എൽസ കപ്പലിലെ 24 ജീവനക്കാരെയും കൊച്ചിയിൽ എത്തിച്ചു. നേവിയുടെയും കോസ്റ്റ് ഗാർഡിൻ്റെയും കപ്പലുകളിലാണ് ഇവരെ കൊണ്ടുവന്നത്. മുങ്ങിയ കപ്പലിലെ ഇന്ധന ചോർച്ച സ്ഥിരീകരിച്ച കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ ആശങ്കപ്പെടേണ്ടതില്ലെന്നും അറിയിച്ചു.
എംഎസ്‌സി എൽസ കപ്പലിലെ കണ്ടെയ്നറുകൾ മറ്റൊരു കപ്പലിലേക്ക് മാറ്റുക. ഇങ്ങനെ ചെരിഞ്ഞ കപ്പലിനെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും സഹായത്തോടെ കപ്പൽ കമ്പനി നടത്തിയ നീക്കം രാവിലെ തന്നെ പരാജയപ്പെട്ടു. 10 മണിയോടെ കപ്പൽ പൂർണ്ണമായും മുങ്ങി.
അവസാന ശ്രമവും പരാജയപ്പെടുമെന്ന് ഉറപ്പായത്തോടെ ക്യാപ്റ്റനെയും രണ്ട് എഞ്ചിനീയർമാരെയും അപകടമുണ്ടായ കപ്പലിൽ നിന്ന് നേവിയുടെ സുജാത ഷിപ്പിലേക്ക് മാറ്റി. ഉച്ചയോടെ 24 പേരടങ്ങുന്ന ജീവനക്കാരുടെ സംഘം കൊച്ചിയിലെത്തി.
എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി. ജീവനക്കാരെ ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തു. ജീവനക്കാരുടെ ഏജന്റ് ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. 21 ഫിലിപ്പൈൻസ് സ്വദേശികളും രണ്ട് യുക്രൈൻകാരും റഷ്യയിൽ നിന്നും ജോർജ്ജിയിൽ നിന്നുമുള്ള ഓരോരുത്തരുമാണ് കപ്പലിൽ ഉണ്ടായിരുന്നത്. മുങ്ങിയ കപ്പലിൽ നിന്ന് ഇന്ധന ഉണ്ടായിട്ടുണ്ടെന്ന് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.