< Back
Kerala
smart city kochi
Kerala

സ്മാർട്ട് സിറ്റി കരാറിൽ നിന്ന് ടീകോമിന് ഒഴിവാക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിൽ അവ്യക്തത

Web Desk
|
5 Dec 2024 7:30 AM IST

വി.എസ് സർക്കാർ ഉണ്ടാക്കിയ കരാർ പ്രകാരം പദ്ധതി പൂർത്തീകരിച്ചില്ലെങ്കിൽ സംസ്ഥാന സർക്കാരിന് നഷ്ടപരിഹാരം അവർ നൽകേണ്ടതുണ്ട്

തിരുവനന്തപുരം: സ്മാർട്ട് സിറ്റി കരാറിൽ നിന്ന് ടീകോമിന് ഒഴിവാക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിൽ അവ്യക്തത. വി.എസ് സർക്കാർ ഉണ്ടാക്കിയ കരാർ പ്രകാരം പദ്ധതി പൂർത്തീകരിച്ചില്ലെങ്കിൽ സംസ്ഥാന സർക്കാരിന് നഷ്ടപരിഹാരം അവർ നൽകേണ്ടതുണ്ട്. കരാർ പ്രകാരം പൂർത്തീകരിക്കാത്തതുകൊണ്ട് ഭൂമി തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും ടികോമിൽ നിന്ന് നഷ്ടപരിഹാരം വാങ്ങാതെ അവർക്ക് നഷ്ടപരിഹാരം തിരികെ നൽകാനാണ് സർക്കാരിന്‍റെ നീക്കം.

വി.എസ് സർക്കാരിന്‍റെ കാലത്ത് ഉണ്ടാക്കിയ കരാർ പ്രകാരം 88 ലക്ഷം ചതുരശ്ര അടി കെട്ടിടം 246 ഏക്കറിൽ ടീകോം നിർമ്മിക്കണം. ഇതിൽ 69 ലക്ഷം ചതുരശ്ര അടി കെട്ടിടം ഐടി മേഖലയ്ക്ക് മാത്രമായി നൽകണം. 10 വർഷംകൊണ്ട് ഇതെല്ലാം പൂർത്തീകരിക്കണം. കരാർ പ്രകാരം പദ്ധതി പൂർത്തീകരിച്ചില്ലെങ്കിൽ സർക്കാരിന് നഷ്ടപരിഹാരം നൽകണം. ഇതാണ് വി.എസ് അച്യുതാനന്ദൻ സർക്കാരിന്‍റെ കാലത്ത് ഒപ്പിട്ടിരുന്ന കരാറിൽ ഉള്ളതായി അറിയാൻ കഴിയുന്നത്. എന്നാൽ കരാറിൽ പറഞ്ഞ പ്രകാരം പദ്ധതി പൂർത്തീകരണത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടില്ല. 69 ലക്ഷം ചതുരശ്ര അടി കെട്ടിടം നിർമിക്കണമെന്ന കരാറിന്‍റെ 10 ശതമാനം പോലും അവർക്ക് പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.

അതിനിടയിലാണ് ടീകോമിന് നഷ്ടപരിഹാരം അങ്ങോട്ട് നൽകി പദ്ധതിയിൽ നിന്ന് ഒഴിവാക്കാൻ വേണ്ടിയുള്ള തീരുമാനത്തിലേക്ക് സംസ്ഥാന സർക്കാർ എത്തിച്ചേരുന്നത്. പദ്ധതി നടപ്പാക്കാൻ നൽകിയ 246 ഏക്കർ ഭൂമി തിരിച്ചെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. കരാറിൽ ഓരോ വർഷവും പൂർത്തീകരിക്കേണ്ട ഘട്ടങ്ങൾ ഉൾപ്പെടുത്തിയിരുന്നു.എന്നാൽ ഇതൊന്നും പാലിച്ചിട്ടില്ല.എന്നിട്ടാണ് ഭൂമി തിരികെ ഏറ്റെടുത്ത് നഷ്ടപരിഹാരം അവർക്ക് നൽകാനുള്ള നീക്കം സർക്കാർ നടത്തുന്നത്.



Related Tags :
Similar Posts