< Back
Kerala
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണം; കൊടി സുനി നിരാഹാരത്തിൽ
Kerala

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണം; കൊടി സുനി നിരാഹാരത്തിൽ

abs
|
28 Sept 2021 1:44 PM IST

തനിക്ക് വധഭീഷണിയുണ്ടെന്ന് കൊടി സുനി ആരോപിച്ചിരുന്നു

വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ടിപി വധക്കേസ് പ്രതി കൊടി സുനി നിരാഹാരത്തിൽ. കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണം എന്നാണ് ആവശ്യം. തനിക്ക് വധഭീഷണിയുണ്ടെന്ന് കൊടി സുനി നേരത്തെ ആരോപിച്ചിരുന്നു.

വിയ്യൂർ സെൻട്രൽ ജയിലിലെ അതിസുരക്ഷാ ജയിലിലാണ് കൊടി സുനിയുള്ളത്. 24 മണിക്കൂറും പൂട്ടിട്ട സെല്ലിലാണ് താമസം. തന്നെ വധിക്കാൻ ചില തടവുകാർ ശ്രമിക്കുന്നുണ്ടെന്ന സുനിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. സുനി പരാതിയിൽ പേരെടുത്തു പറഞ്ഞ തടവുകാരൻ റഷീദിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

ജയിലിൽ മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്ന് ആഴ്ചകൾക്കു മുമ്പാണ് കൊടി സുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. സുനിയെ പാർപ്പിച്ചിരിക്കുന്നത് ഗാർഡ് ഓഫീസിന് തൊട്ടടുത്ത സെല്ലിലാണ്. സൂപ്രണ്ട് ഉൾപ്പെടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ കണ്ണെത്തുന്നിടമാണിത്.

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാം പ്രതിയാണ് എൻ.കെ സുനിൽ കുമാർ എന്നറിയപ്പെടുന്ന കൊടി സുനി. എംസി അനൂപാണ് ഒന്നാം പ്രതി. കിർമാണി മനോജ് രണ്ടാം പ്രതിയും.

Related Tags :
Similar Posts