< Back
Kerala
മുക്കുപണ്ട പണയ കേസിൽ കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അറസ്റ്റിൽ
Kerala

മുക്കുപണ്ട പണയ കേസിൽ കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അറസ്റ്റിൽ

Web Desk
|
22 May 2022 7:21 AM IST

ബംഗളൂരുവിൽ നിന്ന് ഇന്നലെയാണ് ബാബു പിടിയിലായത്.

കോഴിക്കോട്: മുക്കുപണ്ട പണയ കേസില്‍ ഒളിവിലായിരുന്ന കോഴിക്കോട് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ ബാബു പൊലുകുന്നത്തിന്‍റെ അറസ്റ്റ് മുക്കം പൊലീസ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബംഗളൂരുവിൽ നിന്ന് ഇന്നലെയാണ് ബാബു പിടിയിലായത്.

ശനിയാഴ്ച പുലർച്ചെയാണ് ബാംഗളൂരുവിലെ രഹസ്യ കേന്ദ്രത്തിൽ വെച്ച് ബാബു പൊലുകുന്നത്ത് മുക്കം പോലീസിന്‍റെ പിടിയിലായത്. ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് 10 കിലോമീറ്റർ മാറി ഹുസ്കർ എന്ന സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്നു. ബന്ധുക്കളുടെ ഫോൺ കോളുകൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാബുവിനെ പൊലീസ് പിടികൂടിയത്. ശേഷം മുക്കത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

ബാബുവിന്‍റെ സഹായത്തോടെ ദലിത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി വിഷ്ണു കയ്യൂണുമ്മൽ, കൊടിയത്തൂർ സ്വദേശികളായ മാട്ടുമുറിക്കൽ സന്തോഷ് കുമാർ, സന്തോഷിന്റെ ഭാര്യ ഷൈനി എന്നിവർ ചേർന്ന് ഗ്രാമീണ ബാങ്ക് കൊടിയത്തൂര്‍ ശാഖയിൽ നിന്ന് 24.6 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. പിന്നീട് പെരുമണ്ണ സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെക്കുന്നതിനിടെ സന്തോഷ് കുമാറിനെയും വിഷ്ണുവിനെയും പന്തീരാങ്കാവ് പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊടിയത്തൂരിലെ തട്ടിപ്പ് പുറത്തു വന്നത്. ബാങ്കിലെ മുൻ അപ്രൈസറും പന്നിക്കോട് സ്വദേശിയുമായ പരവരിയിൽ മോഹൻദാസ് ആത്മഹത്യ ചെയതതോടെയാണ് കേസ് വീണ്ടും സജീവമായത്.

Related Tags :
Similar Posts