< Back
Kerala
ഇഞ്ചക്ഷൻ ചെയ്തതിന് പിന്നാലെ ആൻജിയോഗ്രാമോ, ആൻജിയോപ്ലാസ്റ്റിയോ ചെയ്യാൻ കഴിയില്ല;  വേണുവിന്‍റെ മരണത്തിൽ വീഴ്ചയില്ലെന്ന് ആവർത്തിച്ച് ആരോഗ്യവകുപ്പ്

 Photo| MediaOne

Kerala

'ഇഞ്ചക്ഷൻ ചെയ്തതിന് പിന്നാലെ ആൻജിയോഗ്രാമോ, ആൻജിയോപ്ലാസ്റ്റിയോ ചെയ്യാൻ കഴിയില്ല'; വേണുവിന്‍റെ മരണത്തിൽ വീഴ്ചയില്ലെന്ന് ആവർത്തിച്ച് ആരോഗ്യവകുപ്പ്

Web Desk
|
7 Nov 2025 9:08 AM IST

മുപ്പതാം തിയതി ഹൃദയാഘാതം ഉണ്ടായ വേണുവിനെ ഒന്നാം തിയതി വൈകിട്ടാണ് മെഡിക്കൽ കോളജിൽ എത്തിച്ചത്

തിരുവനന്തപുരം: കൊല്ലം പന്മന സ്വദേശി വേണുവിന്‍റെ മരണത്തിൽ വീഴ്ചയില്ലെന്ന് ആവർത്തിച്ച് ആരോഗ്യവകുപ്പ് . വേണുവിന് ശാസ്ത്രീയമായ എല്ലാ ചികിത്സയും നൽകി . മുപ്പതാം തിയതി ഹൃദയാഘാതം ഉണ്ടായ വേണുവിനെ ഒന്നാം തിയതി വൈകിട്ടാണ് മെഡിക്കൽ കോളജിൽ എത്തിച്ചത്.

ഇഞ്ചക്ഷൻ ചെയ്തതിന് പിന്നാലെ ആൻജിയോഗ്രാമോ ആൻജിയോപ്ലാസ്റ്റിയോ ചെയ്യാൻ കഴിയില്ല. കുടുംബത്തിന്‍റെ ആരോപണം എന്തുകൊണ്ട് എന്ന് അറിയില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടത്തിയ അന്വേഷണ റിപ്പോർട്ട് ഉടൻ മന്ത്രിക്ക് കൈമാറും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന ബന്ധുക്കളുടെ പരാതിയില്‍ അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഇടപ്പള്ളി കോട്ട സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു മരിച്ച വേണു. കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്നാണ് ഗുരുതരാവസ്ഥയിലായിരുന്ന വേണുവിനെ തിരുവനന്തപുരത്തേക്ക് അയച്ചത്. ഒക്ടോബർ 31ന് എത്തിയ രോഗിക്ക് അഞ്ച് ദിവസം കിടന്നിട്ടും ആൻജിയോഗ്രാം ചെയ്തില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഡോക്ടർ കുറിച്ച മരുന്നുകൾ ആശുപത്രിയിൽ ഇല്ലെന്ന് നഴ്സ് മറുപടി നൽകിയതായി വേണുവിന്‍റെ ഭാര്യ സിന്ധു പറയുന്നു.സംഭവത്തില്‍ കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

വേണുവിന്‍റെ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ നിഷേധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് രംഗത്തെത്തിയിരുന്നു.രോഗിക്ക്എല്ലാ ചികിത്സയും കൃത്യമായി നൽകി.ഇപ്പോൾ ഉന്നയിക്കപ്പെടുന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഒന്നാം തീയതിയാണ് രോഗി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയത്.അന്നുമുതൽ കൃത്യമായ പരിശോധനയും ചികിത്സയും നൽകി.മൂന്നാം തീയതി കാർഡിയോളജി വിഭാഗം രോഗിയെ പരിശോധിച്ചു. ആവശ്യമായ ഇഞ്ചക്ഷൻ നൽകിയെന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതര്‍ പറയുന്നു.ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെ ആൻജിയോഗ്രാം ചെയ്യാൻ കഴിയില്ലെന്നും ആശുപത്രിയിൽ വച്ച് രോഗിയുടെ കുടുംബം പരാതി ഉന്നയിച്ചിട്ടില്ലെന്നും അധികൃതർ പറയുന്നു.



Similar Posts