< Back
Kerala
Kollam child kidnapping case accused Anupama youtuber
Kerala

കുട്ടിയെ തട്ടിയെടുത്ത കേസ്: അറസ്റ്റിലായ അനുപമ യൂട്യൂബ് താരം; അഞ്ച് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്

Web Desk
|
2 Dec 2023 10:04 AM IST

കേസിലെ മുഖ്യ പ്രതിയായ ചാത്തന്നൂർ മാമ്പള്ളിക്കുന്ന്‌ കവിതാ രാജിൽ കെ.ആർ പത്മകുമാറിന്റെ മകളാണ് അനുപമ.

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പി. അനുപമ (20) യൂട്യൂബ് താരം. കേസിലെ മുഖ്യ പ്രതിയായ ചാത്തന്നൂർ മാമ്പള്ളിക്കുന്ന്‌ കവിതാ രാജിൽ കെ.ആർ പത്മകുമാറിന്റെ മകളാണ് അനുപമ. പത്മകുമാറിന്റെ ഭാര്യ എം.ആർ അനിതകുമാരിയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

‘അനുപമ പത്മൻ’ എന്ന പേരിൽ യൂട്യൂബ് ചാനലുള്ള അനുപമയ്ക്ക്, 4.99 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വീഡിയോകളുടെ റിയാക്‌ഷൻ വീഡിയോയും ഷോട്‌സുമാണ് കൂടുതലായി പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇംഗ്ലീഷിലാണ്‌ അവതരണം. ഇതുവരെ 381 വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരുമാസം മുമ്പാണ്‌ അവസാന വീഡിയോ പോസ്റ്റ് ചെയ്തത്. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷിയാനെക്കുറിച്ചാണ് പ്രധാന വിഡിയോകളെല്ലാം.

കുട്ടിയെ തട്ടിക്കൊണ്ടുപോയത് ട്രയൽ കിഡ്‌നാപ്പിങ് ആണെന്നാണ് പ്രതികളുടെ മൊഴി. പല കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയെന്നും ഓയൂരിലെ കുട്ടിയെ മാത്രം മൂന്ന് തവണ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയെന്നും ഇവർ മൊഴി നൽകി.ഒരു വർഷത്തെ തയ്യാറെടുപ്പാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലുണ്ടായിരുന്നത്. പണം തന്നെയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം. കൃത്യത്തിൽ ഭാര്യക്കും മകൾക്കും പങ്കുണ്ട്. പാരിപ്പള്ളിയിൽ നിന്ന് ഫോൺ വിളിച്ചത് പത്മകുമാറിന്റെ ഭാര്യയാണെന്ന് പൊലീസ് കണ്ടെത്തി. ഇവരുടെ ശബ്ദം ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ തിരിച്ചറിഞ്ഞു.

വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യത കുടുംബത്തിനുണ്ടായിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം. ലോൺ ആപ്പുകളിൽ നിന്നടക്കം കുടുംബം വായ്പയെടുത്തിരുന്നു. ബാധ്യത അധികമായതോടെ കുട്ടികളെ കിഡ്‌നാപ്പ് ചെയ്ത് പണം തട്ടാം എന്ന തീരുമാനത്തിലേക്ക് പ്രതികളെത്തുകയായിരുന്നു. ഓയൂരിലെ കുട്ടിയുടെ കിഡ്‌നാപ്പിങ് വിജയിച്ചാൽ കിഡ്‌നാപ്പിംഗ് തുടരാം എന്ന നീക്കത്തിലായിരുന്നു പ്രതികൾ എന്നാണ് വിവരം.

Similar Posts