
'പാർട്ടിയിൽ നിന്ന് പോകുന്ന സഖാക്കളെ കണ്ടില്ലെന്ന് നടിക്കുന്നത് ധിക്കാരം' കൊല്ലത്തെ സിപിഐ കൂട്ടരാജിയിൽ നേതൃത്വത്തിനെതിരെ കൊല്ലം മധു
|കടയ്ക്കൽ വിഷയം പരിഹരിക്കാൻ ജില്ലാ നേതൃത്വം പരാജയപെട്ടു എന്ന ആക്ഷേപങ്ങൾക്കിടെയാണ് വിമർശനം
കൊല്ലം: കൊല്ലം കടയ്ക്കൽ സിപിഐയിലെ കൂട്ടരാജിയിൽ ജില്ലാ നേതൃത്വത്തിന് എതിരെ മുതിർന്ന നേതാവ് കൊല്ലം മധു. പാർട്ടിയിൽ നിന്ന് പോകുന്ന സഖാക്കളെ കണ്ടില്ലെന്ന് നടിക്കുന്നത് നേതൃത്വപരമായ ധിക്കാരമാണെന്ന് മധു ഫേസ്ബുക്കിൽ കുറിച്ചു. കടയ്ക്കൽ വിഷയം പരിഹരിക്കാൻ ജില്ലാ നേതൃത്വം പരാജയപെട്ടു എന്ന ആക്ഷേപങ്ങൾക്കിടെയാണ് വിമർശനം.
സംഘടനാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ ഉൾപ്പാർട്ടി പ്രശ്നങ്ങളിലാണ് കൊല്ലത്ത് പലയിടങ്ങളിലും സിപിഐയിൽ വിഭാഗീയത ഉടലെടുത്തത്. കുണ്ടറയിൽ ഇരുന്നൂറോളം പ്രവർത്തകർ പാർട്ടി വിട്ടതിന് തൊട്ടുപിന്നാലെയാണ് കടയ്ക്കലിലും നിരവധിയാളുകൾ രാജി വെച്ചത്. ഉൾപ്പാർട്ടി പ്രശ്നങ്ങളെ കുറിച്ച് നേരത്തെ അറിയാമായിരുന്നിട്ടും പരിഹാരം കണ്ടെത്താൻ പാർട്ടി തയ്യാറാവാത്തതിനാലാണ് മുതിർന്ന നേതാവിന്റെ വിമർശനം.
സംസ്ഥാനത്ത് സിപിഐക്ക് ഏറ്റവുമധികം വേരോട്ടമുള്ള ജില്ലയാണ് കൊല്ലം. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വം ഇടപെട്ട് കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. എന്നാൽ യോഗത്തിൽ നിന്ന് ജില്ലാ നേതാക്കൾ വിട്ടുനിന്നിരുന്നു. പിന്നാലെയാണ് കൂട്ട രാജിയുണ്ടായത്.
കൊല്ലം കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയറാണ് കൊല്ലം മധു. സിപിഐ അഞ്ചാംലുമൂട് മണ്ഡലം കമ്മിറ്റി അംഗമാണ്.