< Back
Kerala
രാത്രി എട്ടിന് ശേഷം വിദ്യാർഥികൾ ഫോൺ ഉപയോഗിച്ചാൽ വഴിതെറ്റും; വിലക്കേർപ്പെടുത്തി കൊല്ലത്തെ കോളജ്
Kerala

'രാത്രി എട്ടിന് ശേഷം വിദ്യാർഥികൾ ഫോൺ ഉപയോഗിച്ചാൽ വഴിതെറ്റും'; വിലക്കേർപ്പെടുത്തി കൊല്ലത്തെ കോളജ്

Web Desk
|
24 Dec 2022 6:22 PM IST

ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി കോളജ് അധികൃതർ സർക്കുലർ പുറത്തിറക്കി.

കൊല്ലം: വിദ്യാർഥികളുടെ ഫോൺ ഉപയോഗത്തിന് വിലക്കേർപ്പെടുത്തി കൊല്ലം പുത്തൂർ ശ്രീനാരായണ ആയുർവേദ മെഡിക്കൽ കോളജ്. ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഫോൺ അനുവദിക്കുന്നത് രാത്രി എട്ടു മണി വരെ മാത്രമാണ്. വിദ്യാർഥികൾ വഴിതെറ്റാതിരിക്കാനാണ് നടപടിയെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം.

കോളജിലെ ബി.എ.എം.എസ് വിദ്യാർഥികൾക്കാണ് വിചിത്രമായ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രവൃത്തി ദിനങ്ങളിൽ ഫോൺ അനുവദിക്കുന്നത് നാല് മണിക്കൂർ മാത്രമാണ്. വൈകുന്നേരം കോളജിൽ നിന്ന് എത്തിയാൽ നാലുമണിക്ക് വിദ്യാർഥികൾക്ക് ഫോൺ നൽകും. എട്ടു മണി വരെ ഫോൺ ഉപയോഗിക്കാം. ശേഷം വാർഡന് കൈമാറണം.

പിന്നീട് മൊബൈൽ ഫോൺ തിരികെ ലഭിക്കുന്നത് അടുത്തദിവസം വൈകുന്നേരം നാലിനാണ്. അവധി ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ വൈകുന്നേരം എട്ടു വരെ ഫോൺ അനുവദിക്കും. ഹോസ്റ്റലിൽ അല്ലാതെ വന്നുപോകുന്ന വിദ്യാർഥികളും രാവിലെ ഫോൺ അധ്യാപകനെ ഏൽപ്പിക്കണം. ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി കോളജ് അധികൃതർ കഴിഞ്ഞദിവസം സർക്കുലർ പുറത്തിറക്കി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള വിദ്യാർഥികൾ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നുണ്ട്. അത്യാവശ്യ കാര്യങ്ങൾക്ക് വീട്ടിലേക്ക് വിളിക്കാൻ പോലും ഫോൺ ലഭിക്കാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു. പെൺകുട്ടികളുടെ ഹോസ്റ്റൽ സമയക്രമം സംബന്ധിച്ചും അവകാശലംഘനം നടക്കുന്നുവെന്ന് പരാതിയുണ്ട്.

വൈകുന്നേരം ആറുമണിക്കകം വിദ്യാർഥിനികൾ ഹോസ്റ്റലിനുള്ളിൽ പ്രവേശിക്കണം. വിദ്യാർഥികളുടെ നന്മയ്ക്കും സുരക്ഷയ്ക്കും അവരുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനും വേണ്ടിയാണ് തീരുമാനമെന്നാണ് കോളജ് അധികൃതരുടെ വാദം. മാധ്യമങ്ങളോട് പ്രതികരിച്ചാൽ ഇനിയും പീഡനങ്ങൾ അനുഭവിക്കേണ്ടി വരുമോ എന്ന ഭയം മൂലമാണ് മൗനം പാലിക്കുന്നതെന്ന് വിദ്യാർഥികൾ പറയുന്നു.

Similar Posts