< Back
Kerala
കിരൺ കുമാറിനെ രക്ഷിക്കാൻ ഗൂഢസംഘം പ്രവർത്തിച്ചിരുന്നെന്ന് വിസ്മയയുടെ കുടുംബം
Kerala

കിരൺ കുമാറിനെ രക്ഷിക്കാൻ ഗൂഢസംഘം പ്രവർത്തിച്ചിരുന്നെന്ന് വിസ്മയയുടെ കുടുംബം

Web Desk
|
23 May 2022 7:35 AM IST

ഒരു തവണ തനിക്ക് ഭീഷണിക്കത്ത് വന്നുവെന്ന് വിസ്‍മയയുടെ അച്ഛൻ

കൊല്ലം: കൊല്ലം വിസ്‍മയ കേസില്‍ പ്രതി കിരൺ കുമാറിനെ രക്ഷിക്കാൻ ഗൂഢസംഘം പ്രവർത്തിച്ചിരുന്നെന്ന് വിസ്‍മയയുടെ കുടുംബം. കിരൺകുമാർ ജയിലിൽ ആയിരുന്നപ്പോഴും കേസ് അട്ടിമറിക്കാൻ ശ്രമമുണ്ടായി. ഒരു തവണ തനിക്ക് ഭീഷണിക്കത്ത് വന്നുവെന്ന് വിസ്‍മയയുടെ അച്ഛൻ പറഞ്ഞു. സോഷ്യൽ മീഡിയയിലും പ്രതിയെ അനുകൂലിച്ചുള്ള പ്രചാരണമുണ്ടായി. കോടതി മാതൃകാപരമായ ശിക്ഷ വിധിക്കുമെന്നാണ് പ്രതീക്ഷയെന്നും വിസ്‍മയയുടെ കുടുംബം പറഞ്ഞു.

വിസ്മയ കേസിൽ കോടതി ഇന്ന് വിധി പറയും. അഡീഷണൽ സെഷൻസ് കോടതിയാണ് സുപ്രധാന കേസിൽ വിധി പറയുന്നത്. കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരൺ കുമാറിനെതിരെ ഏഴ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിതാണ് വിധി പ്രസ്താവിക്കുക.

സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും സ്ത്രീധന പീഡന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളുമാണ് കിരൺ കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. 42 സാക്ഷികളും 120 രേഖകളും 12 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഡിജിറ്റൽ തെളിവുകളും നിർണായകമാണ്.

2021 ജൂൺ 21 നാണ് വിസ്മയയെ കിരണിന്റെ ശാസ്താംകോട്ട ശാസതാംനടയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി പത്തിന് വിസ്മയ കേസിൽ വിചാരണ ആരംഭിച്ചു. പിതാവ് ത്രിവിക്രമൻ നായർ, സഹോദരൻ വിജിത്ത് എന്നിവരാണ് കേസിലെ മുഖ്യ സാക്ഷികൾ. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ മോഹൻരാജാണ് ഹാജരായത്. മകൾക്ക് നീതി ലഭിക്കും എന്നാണ് പ്രതീക്ഷയെന്ന് വിസ്മയയുടെ അച്ഛൻ പ്രതികരിച്ചു. സ്ത്രീധനത്തിനെതിരെ വലിയ ക്യാമ്പെയിനുകൾക്ക് തുടക്കം കുറിച്ച കേസായതിനാൽ പൊതുസമൂഹവും വിസ്മയ കേസ് വിധിയെ ഉറ്റുനോക്കുന്നുണ്ട്.

Related Tags :
Similar Posts