< Back
Kerala
koodalmanikyam temple
Kerala

കൂടൽമാണിക്യം ദേവസ്വം കഴകം ജോലി; ഈഴവ ഉദ്യോഗാർഥിക്ക് അഡ്വൈസ് മെമ്മോ അയച്ചു

Web Desk
|
10 April 2025 9:55 AM IST

കൂടൽമാണിക്യം ദേവസ്വമാണ് അഡ്വൈസ് മെമ്മോ പ്രകാരം നിയമനം നടത്തേണ്ടതെന്ന് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് ചെയർമാൻ കെ.ബി മോഹൻദാസ് പറഞ്ഞു

തൃശൂര്‍: ഇരിങ്ങാലകുട കൂടൽമാണിക്യം ദേവസ്വം കഴകം ജോലിക്ക് ഈഴവ ഉദ്യോഗാർഥിക്ക് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് അഡ്വൈസ് മെമ്മോ അയച്ചു. ജാതി വിവേചനത്തെത്തുടർന്ന് തിരുവനന്തപുരം സ്വദേശി ബാലു രാജിവച്ച ഒഴിവിലാണ് പട്ടികയിലെ അടുത്ത ഊഴക്കാരനായ ചേർത്തല സ്വദേശി കെ.എസ് അനുരാഗിന് അഡ്വൈസ് മെമ്മോ അയച്ചത്. കൂടൽമാണിക്യം ദേവസ്വമാണ് അഡ്വൈസ് മെമ്മോ പ്രകാരം നിയമനം നടത്തേണ്ടതെന്ന് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് ചെയർമാൻ കെ.ബി മോഹൻദാസ് പറഞ്ഞു.

കൂടൽമാണിക്യ ക്ഷേത്രത്തിലെ കഴകം ജോലിയിൽ ഈഴവ സമുദായത്തിലെ ആളെ തന്നെയാണ് പുതുതായി നിയമിച്ചതെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ അറിയിച്ചു. അഡ്വൈസ് മെമ്മോ നൽകിയിട്ടുണ്ട്. ചുമതല ഏറ്റെടുത്തതിനുശേഷമേ മറ്റു കാര്യങ്ങൾ പറയാൻ കഴിയൂ. നിയമപരമായി ചെയ്യേണ്ട കാര്യങ്ങളെല്ലാം സർക്കാർ ചെയ്തു കഴിഞ്ഞു. ജോലി ചെയ്യാൻ വേണ്ട എല്ലാ സാഹചര്യവും സർക്കാർ ഒരുക്കും . ബാലു പോയതുപോലെ പേടിച്ചു പോകേണ്ട കാര്യമില്ലെന്ന് മന്ത്രി പറഞ്ഞു. അടുത്ത ദേവസ്വം ഭരണസമിതി യോഗത്തിൽ ചർച്ചചെയ്ത ഉടൻ പോസ്റ്റിംഗ് ഓർഡർ നൽകുമെന്ന് ദേവസ്വം ചെയർമാൻ സി.കെ ഗോപി. പോസ്റ്റിംഗ് ഓർഡർ ലഭിച്ചാൽ ജോലിയിൽ പ്രവേശിക്കുമെന്ന് ഉദ്യോഗാർഥി കെ.എസ് അനുരാഗ് മീഡിയവണിനോട് വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയാണ് ബാലു രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ രാജി എന്ന് മാത്രമാണ് കത്തിലുള്ളത്. ഇന്നലെ കൂടൽമാണിക്യം ദേവസ്വം ഓഫീസിൽ എത്തി രാജി നൽകുകയായിരുന്നു. കഴകം ജോലിയിൽ പ്രവേശിച്ച ബാലുവിനെ തന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു.അതിനുശേഷം ബാലു അവധിയിലായിരുന്നു.ബാലു രാജിവച്ചതിനാൽ ലിസ്റ്റിലെ അടുത്ത ആളെ നിയമിക്കും. ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് നടത്തിയ പരീക്ഷയിൽ ഒന്നാം റാങ്കുകാരനായിരുന്നു ബാലു.

ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് വഴിയാണ് ബാലുവിന് നിയമനം ലഭിച്ചത്. തന്ത്രി, വാര്യർ സമാജം എതിർപ്പിനെ തുടർന്നാണ് കഴകക്കാരനെ മാറ്റിയത്. ബാലുവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ ആറ് തന്ത്രിമാർ ദേവസ്വത്തിന് കത്തുനൽകിയിരുന്നു. ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരനായി നിയമിക്കപ്പെട്ടത്. ഈഴവ സമുദായത്തിൽപ്പെട്ട ബാലു കഴകക്കാരനായതാണ് തന്ത്രിമാരുടെ എതിർപ്പിന് കാരണമെന്നാണ് വിമര്‍ശനം.

തസ്തികമാറ്റം ആവശ്യപ്പെട്ട് ബാലു കത്ത് നൽകിയിരുന്നു. ക്ഷേത്രത്തിൽ കഴകക്കാരൻ ആകാൻ ഇനിയില്ലെന്ന് ബാലു നേരത്തെ വ്യക്തമാക്കിയിരുന്നു. താൻ കാരണം ഇനി ഒരു പ്രശ്നമുണ്ടാകാൻ ആഗ്രഹിക്കുന്നില്ല. കഴകക്കാരനായി ഇനി ജോലി നോക്കേണ്ടെന്നാണ് കുടുംബത്തിന്റെയും തന്റെയും തീരുമാനമെന്നും ബാലു പ്രതികരിച്ചിരുന്നു.



Similar Posts