< Back
Kerala
കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസ്; പെൺസുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Kerala

കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസ്; പെൺസുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Web Desk
|
2 Aug 2025 8:09 AM IST

പാരക്വിറ്റ് എന്ന കീടനാശിനിയാണ് അൻസിലിനെ കൊല്ലാൻ ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി

എറണാകുളം: എറണാകുളം കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്ത് കൊന്ന കേസിൽ പ്രതിയായ പെൺസുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പാരക്വിറ്റ് എന്ന കീടനാശിനിയാണ് മാതിരപ്പള്ളി സ്വദേശി അൻസിലിനെ കൊല്ലാൻ ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ ഇത് എന്തിൽ കലക്കിയാണ് നൽകിയതെന്ന് വ്യക്തമല്ല. ചേലാടുള്ള കടയിൽ നിന്നാണ് കളനാശിനി വാങ്ങിയതെന്നും വ്യക്തമായിട്ടുണ്ട്.

അൻസിലിന്റെ കൊലയ്ക്ക് കാരണം സാമ്പത്തിക തർക്കമെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ യുവതി നൽകിയ കേസ് പിൻവലിക്കാൻ അൻസിൽ പണം വാഗ്ദാനം ചെയ്തിരുന്നു. ഈ പണം നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലയ്ക്ക് മുൻപ് പ്രതി കൃത്യമായ ആസൂത്രണവും നടത്തി അൻസിലിനെ വിളിച്ചു വരുത്തുന്നതിന് മുൻപ് വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചുവെന്ന് പൊലീസ് അറിയിച്ചു.

'മകനെ വിഷം കൊടുത്തുകൊല്ലുമെന്ന് യുവതി നേരത്തെ അന്‍സിലിന്‍റെ മാതാവിനെ വിളിച്ച് പറഞ്ഞിട്ടുണ്ട്.കഴിഞ്ഞദിവസം മാതാവിനെ വിളിച്ച് അന്‍സിലിനെ വിഷം കൊടുത്ത് കിടത്തിയിട്ടുണ്ട്. എടുത്തുപോയ്‌ക്കോയെന്ന് പറഞ്ഞു. വിഡിയോ കോളിലൂടെ വിളിച്ച് കാണിച്ചുകൊടുത്തിട്ടാണ് വിശ്വസിച്ചത്. അതിനിടെ അൻസിൽ ഇക്കാര്യം പൊലീസിനെ വിളിച്ചുപറഞ്ഞിരുന്നുവെന്ന് ബന്ധു പറഞ്ഞു

ഇന്നലെ പുലര്‍ച്ചയോടെയാണ് അന്‍സില്‍ വിഷം കഴിച്ചെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. യുവതിയുടെ മാലിപ്പാറയുടെ വീട്ടില്‍ വിഷം കഴിച്ച നിലയിലാണെന്ന വിവരം അന്‍സില്‍ തന്നെ പൊലീസിനെ അറിയിച്ചത്. വീട്ടുകാരും പൊലീസും ആംബുലന്‍സുമായി എത്തി ആശുപത്രിയിലെത്തിച്ചു. നിലഗുരുതരമായതിനെത്തുടര്‍ന്ന് പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ രാത്രിയോടെ മരിക്കുകയായിരുന്നു.

Similar Posts