< Back
Kerala
കോട്ടയം മെഡിക്കൽ കോളജ് അപകടം: രക്ഷാ പ്രവർത്തനം വൈകിയില്ല,കെട്ടിടം പൊളിക്കാൻ പറഞ്ഞിട്ടില്ല; സർക്കാറിനെ വെള്ളപൂശി കലക്ടറുടെ റിപ്പോർട്ട്‌
Kerala

കോട്ടയം മെഡിക്കൽ കോളജ് അപകടം: 'രക്ഷാ പ്രവർത്തനം വൈകിയില്ല,കെട്ടിടം പൊളിക്കാൻ പറഞ്ഞിട്ടില്ല'; സർക്കാറിനെ വെള്ളപൂശി കലക്ടറുടെ റിപ്പോർട്ട്‌

Web Desk
|
30 July 2025 1:46 PM IST

കെട്ടിടം ഇടിഞ്ഞുവീണതിൽ ആർക്കും ഒരു പിഴവും ഇല്ലെന്നാണ് കലക്ടറുടെ റിപ്പോർട്ടിൻ്റെ ഉള്ളടക്കം

കോട്ടയം:മെഡിക്കൽ കോളജ് അപകടത്തിൽ സർക്കാരിനെ വെള്ളപൂശി ജില്ലാ കലക്ടറുടെ റിപ്പോർട്ട്. രക്ഷാ പ്രവർത്തനം വൈകിയില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മൂന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും കെട്ടിടം പൊളിച്ചു മാറ്റണമെന്ന് നിർദേശം ഇല്ലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

കെട്ടിടം ഇടിഞ്ഞുവീണതിൽ ആർക്കും ഒരു പിഴവും ഇല്ലെന്നാണ് കലക്ടറുടെ റിപ്പോർട്ടിൻ്റെ ഉള്ളടക്കം. മന്ത്രിമാരും മെഡിക്കൽ കോളജ് അധികൃതരും മുമ്പ് പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് റിപ്പോർട്ടിലെ പരാമർശങ്ങൾ. രക്ഷാ പ്രവർത്തനത്തിന് കാലതാമസം ഉണ്ടായെന്ന വിമർശനങ്ങൾ റിപ്പോർട്ട് തള്ളിയ റിപ്പോട്ടിൽ രക്ഷാപ്രവർത്തനത്തിൽ കാലതാമസം ഉണ്ടായില്ലെന്ന് വ്യക്തമാക്കുന്നു. മണ്ണു മാന്തിയന്ത്രം കെട്ടിടത്തിന് അകത്ത് എത്തിക്കുന്നതിലെ കാലതാമസം മാത്രമാണ് ഉണ്ടായത്. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മൂന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഒരു റിപ്പോർട്ടിലും കെട്ടിടം പൊളിച്ചു മാറ്റണമെന്ന് ശിപാർശ ഇല്ലയിരുന്നു. ശുചിമുറി കെട്ടിടത്തിൻ്റെ താഴത്തെ രണ്ടു നിലകൾ ഉപയോഗിച്ചിരുന്നില്ല. ആർക്കെതിരെയും അച്ചടക്ക നടപടിക്കും റിപ്പോർട്ടിൽ ശിപാർശ ഇല്ലെന്നാണ് സൂചന.

കലക്ടറുടെ റിപ്പോർട്ടിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തുവന്നു. അപകടമുണ്ടായി 26 ാം ദിവസമാണ് കലക്ടർ സർക്കാരിന് റിപ്പോർട്ട് നൽകിയത്. തിരുവനന്തപുരത്ത് എത്തി നേരിട്ട് സമർപ്പിച്ച റിപ്പോർട്ടിനൊപ്പം അപകട സമയത്തെ ചിത്രങ്ങളും പൊതു മരാമത്ത് വകുപ്പിൻ്റെ അനുബന്ധ രേഖകളും ചേർത്തിട്ടുണ്ട്.


Similar Posts