< Back
Kerala
കോട്ടയം മെഡിക്കൽ കോളജ് അപകടം; രക്ഷാപ്രവർത്തനത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് മന്ത്രി വി.എൻ വാസവൻ
Kerala

കോട്ടയം മെഡിക്കൽ കോളജ് അപകടം; രക്ഷാപ്രവർത്തനത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് മന്ത്രി വി.എൻ വാസവൻ

Web Desk
|
4 July 2025 10:18 AM IST

രക്ഷാപ്രവർത്തനത്തെ രാഷ്ട്രീയ ദുരുദ്ദേശത്തോടെ തെറ്റായി വ്യഖ്യാനിക്കുന്നുവെന്നും മന്ത്രി ആരോപിച്ചു.

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിലെ രക്ഷാപ്രവർത്തനത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് മന്ത്രി വി.എൻ വാസവൻ. തിരച്ചിൽ നിർത്തിവെക്കാൻ പറഞ്ഞിട്ടില്ലെന്നും ഹിറ്റാച്ചി കൊണ്ടുവരാൻ സമയമെടുത്തു എന്നത് മാത്രമേയുള്ളൂ എന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനത്തെ രാഷ്ട്രീയ ദുരുദ്ദേശത്തോടെ തെറ്റായി വ്യഖ്യാനിക്കുന്നുവെന്നും മന്ത്രി ആരോപിച്ചു.

ആശുപത്രി സൂപ്രണ്ട് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആളുകൾ ഇല്ലെന്ന് മന്ത്രി പറഞ്ഞതെന്നും അതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് കെട്ടിടം അപകടാവസ്ഥയിലാണെന്ന റിപ്പോർട്ട് വന്നത്. വീണ ജോർജ് സൗകര്യത്തിനായി ഉദ്ഘാടനം നീട്ടിവെച്ചുവെന്നത് തെറ്റായ വാർത്തയാണെന്നും മന്ത്രി പറഞ്ഞു. മരിച്ച സ്ത്രീയുടെ കുടുംബത്തിന് അടിയന്തര സഹായമായി 50,000 രൂപ നൽകുമെന്നും കൂടുതൽ സഹായങ്ങൾ മന്ത്രിസഭാ യോഗം ചേർന്ന തീരുമാനിക്കുമെന്നും വാസവൻ വ്യക്തമാക്കി.

അപകടത്തിന്റെ ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുത്തുപോകാൻ കഴിയുമോ? കെട്ടിടം ഉപയോഗശൂന്യമായി കിടക്കുമെന്നും ഇടിഞ്ഞ് വീഴുമെന്നും ആരോഗ്യമന്ത്രി ധരിച്ചിരുന്നില്ലല്ലോ. ഉത്തരവാദിത്തത്തോടുകൂടി ഏറ്റവും പെട്ടന്ന് ആളുകളെ മാറ്റാനുള്ള നീക്കം ആരോഗ്യവകുപ്പും സർക്കാരും ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മരിച്ച ബിന്ദുവിന്റെ കുടുംബത്തെ മന്ത്രിമാരോ ഉദ്യോഗസ്ഥരോ ബന്ധപ്പെട്ടില്ല എന്ന കുടുംബത്തിന്റെ ആരോപണത്തിന് സഹപ്രവർത്തകർ ബന്ധപ്പെട്ടിട്ടുണ്ടല്ലോ എന്ന മറുപടിയാണ് മന്ത്രി നൽകിയത്. രാഷ്ട്രീയം കളിക്കുന്നവർ കളിക്കട്ടെയെന്നും എന്നാൽ ആരോഗ്യ കേന്ദ്രത്തെ തകർക്കാൻ ശ്രമിക്കരുതെന്നും മന്ത്രി വാസവൻ പറഞ്ഞു.

watch video:

Similar Posts