< Back
Kerala
Bindu
Kerala

കോട്ടയം മെഡിക്കൽ കോളജ് അപകടം; ബിന്ദു എത്തിയത് മകൾ നവമിയുടെ ശസ്ത്രക്രിയക്കായി, കുളിക്കാനായി വാര്‍ഡിലേക്ക് എത്തിയപ്പോൾ അപകടം

Web Desk
|
3 July 2025 2:43 PM IST

ബിന്ദുവിൻ്റെ മകൾ നവമിയെ (20) ശസ്ത്രക്രിയക്കായി ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് പതിനാലാം വാര്‍ഡിലെ കെട്ടിടത്തിന്‍റെ ഭിത്തി തകര്‍ന്നുവീണതിനെ തുടര്‍ന്ന് മരിച്ച തലയോലപ്പറമ്പ് സ്വദേശി ഡി.ബിന്ദു മകളുടെ ശസ്ത്രക്രിയക്കാണ് ആശുപത്രിയിലെത്തിയത്. ബിന്ദുവിൻ്റെ മകൾ നവമിയെ (20) ശസ്ത്രക്രിയക്കായി ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

മൂന്നാഴ്ച ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ നൽകിയശേഷം ശസ്ത്രക്രിയ നടത്തുവാനാണ് തീരുമാനിച്ചിരുന്നത്. ഇതിനായി കഴിഞ്ഞ ജൂലൈ ഒന്നിനാണ് വിശ്രുതനും ബിന്ദുവും മകൾ നവമിയുമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. ട്രോമ കെയർ വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചിരുന്നത്.

മകളുടെ ചികിത്സാർത്ഥം ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബിന്ദു രാവിലെ കുളിക്കുന്നതിനായാണ് തകർന്ന് വീണ പതിനാലാം വാർഡിന്‍റെ മൂന്നാം നിലയിലേക്ക് എത്തിയത്. ഈ സമയത്താണ് അപകടമുണ്ടായതെന്നാണ് സൂചന. തലയോലപ്പറമ്പ് പള്ളിക്കവല അവധിയിലാണ് ഇവർ താമസിക്കുന്നത്. തലയോലപ്പറമ്പിലെ വസ്ത്രശാലയിലെ ജീവനക്കാരിയും ആണ് ബിന്ദു. ഭർത്താവ് വിശ്രുതൻ നിർമാണ തൊഴിലാളിയാണ്. നവമി ആന്ധ്ര അപ്പോളോ ഹോസ്പിറ്റലിൽ നാലാം വർഷ ബിഎസ്‍സി നഴ്സിങ് വിദ്യാർഥിനിയാണ് . മകൻ നവനീത് എറണാകുളത്ത് സിവിൽ എഞ്ചിനിയറാണ്.



Similar Posts