< Back
Kerala
കോട്ടയം നഴ്സിംഗ് റാഗിങ്: പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ്
Kerala

കോട്ടയം നഴ്സിംഗ് റാഗിങ്: പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ്

Web Desk
|
16 Feb 2025 6:22 AM IST

കസ്റ്റഡി അപേക്ഷ ബുധനാഴ്ച ഏറ്റുമാനൂർ കോടതി പരിഗണിക്കും

കോട്ടയം: ഗാന്ധിനഗർ സർക്കാർ നേഴ്സിങ് കോളജിലെ റാഗിങ് കേസിൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. കേസന്വേഷണത്തിൽ പ്രതികളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന്

ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി. കസ്റ്റഡി അപേക്ഷ ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതി ബുധനാഴ്ച പരിഗണിക്കും.

ഗാന്ധിനഗറിൽ അതിപ്രാകൃതമായ റാഗിങ് നടത്തിയ അഞ്ച് പ്രതികളെയും കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. മൂന്നുമാസം നീണ്ട പീഡന പരമ്പരയിലെ കൃത്യമായ ദിവസങ്ങളും സമയവും അടക്കം ചോദിച്ചറിയണം. ഇതിനായി അഞ്ചു ദിവസമെങ്കിലും കസ്റ്റഡിയിൽ വേണമെന്നാണ് ഗാന്ധിനഗർ പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷ. കേസിൽ കൂടുതൽ പ്രതികൾ ഇല്ലെന്ന് അന്വേഷണസംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. പുറത്തുവന്ന വീഡിയോ ദൃശ്യത്തിലുള്ള ഇരയായ വിദ്യാർത്ഥിയുടെ കേസിൽ മറ്റു ജൂനിയർ വിദ്യാർത്ഥികളെ സാക്ഷികളാക്കി. സീനിയർ വിദ്യാർഥികൾ താമസിച്ച 13ാം നമ്പർ മുറിയിൽ വിളിച്ചു വരുത്തിയായിരുന്നു ക്രൂരമായ റാഗിങ്ങ്.

പ്രതികളായ വിദ്യാർഥികളുടെ തുടർ പഠനം വിലക്കാനുള്ള കേരളാ നേഴ്സിങ് കൗൺസിൽ തീരുമാനം സർക്കാരിനെ അറിയിക്കും. അഭ്യന്തര അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ, ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡൻ്റെ ചുമതലയുള്ള അധ്യാപകൻ എന്നിവരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. റാഗിങ് വിഷയം ഉയർത്തി വിദ്യാർഥി സംഘടനകളും വിവിധ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.

Similar Posts