
ഈരാറ്റുപേട്ടയിൽ മതസ്പർധ, തീവ്രവാദ കേസുകൾ ഇല്ലെന്ന് ജില്ലാ പൊലീസ് മേധാവിയുടെ തിരുത്തിയ റിപ്പോർട്ട്
|കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ.കാർത്തിക് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് നൽകിയ റിപ്പോർട്ടിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു
കോട്ടയം: ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ മതസ്പർധ, തീവ്രവാദ എന്നീ കേസുകൾ ഇല്ലെന്ന് ജില്ലാ പൊലീസ് മേധാവി. മാർച്ച് 30ന് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഡിജിപിക്ക് നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു. ജനകീയ വികസന ഫോറം പ്രസിഡന്റ് പി.എ മുഹമ്മദ് ഷെരീഫിന് ഏപ്രിൽ 23ന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് റിപ്പോർട്ടിന്റെ പകർപ്പുള്ളത്.
കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ.കാർത്തിക് ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപെട്ട് 2022 ഡിസംബർ 22 ന് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ മതസ്പർധ, തീവ്രവാദ പ്രവർത്തനം, ക്രമസമധാന പ്രശ്നം എന്നീ കേസുകൾ ഈരാറ്റുപേട്ട സ്റ്റേഷനിൽ വളരെയധികമാണെന്ന് രേഖപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ടിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
മതസ്പർധ, തീവ്രവാദ എന്നീ കേസുകൾ ഈരാറ്റുപേട്ടയിലില്ലെന്ന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ 2024 ഒക്ടോബർ 12 ന് ഷെരീഫിന് നൽകിയ വിവരാവകാശ മറുപടിയിൽ പറഞ്ഞിരുന്നു. ഇതെ തുടർന്ന് കഴിഞ്ഞ വർഷം നവംബർ 18 ന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ജനകീയ വികസന ഫോറം പ്രസിഡൻ്റ് ഷെരീഫ് ഈ റിപ്പോർട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകീ യിരുന്നു.
ഇതിന് പിന്നാലെയാണ് ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ.കാർത്തികിൻ്റെ 2022 ഡിസംബറിലെ റിപ്പോർട്ട് ഇപ്പോഴത്തെ ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് തിരുത്തി മാർച്ച് 30ന് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്.