< Back
Kerala
koyilandy taluk hospital

കൊയിലാണ്ടി താലൂക്കാശുപത്രി

Kerala

കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാള്‍ ഡ്രസിംഗ് റൂം അടിച്ചു തകര്‍ത്തു

Web Desk
|
20 July 2023 12:12 PM IST

പണം തിരികെ കൊടുക്കാനുള്ള ആൾ കൊല്ലാൻ വരുന്നു എന്ന് പറഞ്ഞാണ് ഇയാൾ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്

കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പൊലീസ്‌ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാള്‍ ഡ്രസിംഗ് റൂം അടിച്ചു തകര്‍ത്തു. ബുധനാഴ്ച അര്‍ധരാത്രിയാണ് സംഭവം. കണ്ണൂർ ചാലാട് സ്വദേശി ഷാജിത്താണ് അക്രമം നടത്തിയത്. പണം തിരികെ കൊടുക്കാനുള്ള ആൾ കൊല്ലാൻ വരുന്നു എന്ന് പറഞ്ഞാണ് ഇയാൾ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്.

കൊയിലാണ്ടിയിൽ ട്രെയിൻ ഇറങ്ങിയതാണെന്ന് പറഞ്ഞ ഇയാൾ പൊലീസ് സ്റ്റേഷനിൽ നിന്ന് തിരിച്ച് പോയി വീണ്ടും ഓടി വരികയായിരുന്നു. ഒരാൾ കൊല്ലാൻ വരുന്നു എന്ന് പറഞ്ഞ് ഷാജിത്ത് ഗ്രില്‍സില്‍ തലയിടിച്ചു. തലക്കേറ്റ മുറിവ് ഡ്രസ് ചെയ്യാൻ വേണ്ടിയാണ് പൊലീസ് ഇയാളെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

ഡോക്ടര്‍ പരിശോധനയ്ക്ക് ശേഷം ഡ്രസ്സിംഗ് റൂമില്‍ എത്തിയപ്പോള്‍ ഇയാള്‍ വീണ്ടും അക്രമാസക്തനായി. തല കൊണ്ട് റൂമിലെ ഗ്ലാസുകള്‍ ഇടിച്ചു തകര്‍ക്കുകയായിരുന്നു. ചില്ലുകൊണ്ട് സ്വയം കഴുത്ത് മുറിക്കാൻ ശ്രമിച്ചു. ഇയാളുടെ പരാക്രമം അത്യാഹിത വിഭാഗത്തെ ഭീതിയിലാഴ്ത്തി. ഉടന്‍ തന്നെ അവിടെ ഉണ്ടായിരുന്ന പൊലീസും ആശുപത്രി സെക്യൂരിട്ടി ജീവനക്കാരും ആംബുലന്‍സ് ഡ്രൈവര്‍മാരും ചേര്‍ന്ന്‌ കീഴ്‌പ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അക്രമത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. ഡ്രൈവർ ഗംഗേഷിന്‍റെ കൈക്കാണ് പരിക്കേറ്റത്. മൂന്ന് സ്റ്റിച്ചുണ്ട്.

Similar Posts