
കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞ സംഭവം; മൂന്ന് പേരുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്
|കൊയിലാണ്ടി നഗരസഭയിൽ ഒമ്പത് വാർഡുകളിൽ ഇന്ന് സർവകക്ഷി ഹർത്താൽ ആചരിക്കുകയാണ്
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ് പരിക്കേറ്റ് മരിച്ച മൂന്ന് പേരുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. പരിക്കേറ്റ 12 പേർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വനം മന്ത്രി അടിയന്തര റിപ്പോർട്ട് തേടി. കൊയിലാണ്ടി നഗരസഭയിൽ ഒമ്പത് വാർഡുകളിൽ ഇന്ന് സർവകക്ഷി ഹർത്താൽ ആചരിക്കുകയാണ്.
അപകടത്തിൽ 32 പേർക്ക് ആണ് പരിക്കേറ്റത്. ഇതിൽ മൂന്ന് പേർ മരിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി സാരമായി പരിക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന രണ്ട് പേർക്ക് ഗുരുതര പരിക്കുണ്ട് .
മരിച്ചവരുടെ പോസ്റ്റ് മോർട്ടം എട്ട് മണിയോടെ തുടങ്ങും.ആന ഇടഞ്ഞതുമായി ബന്ധപ്പെട്ട് വനം മന്ത്രി എ.കെ ശശീന്ദ്രൻ അടിയന്തര റിപ്പോർട്ട് തേടി. റവന്യൂ , ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തി റിപ്പോർട്ട് ഇന്ന് തന്നെ മന്ത്രിക്ക് നൽകും.
അതേസമയം, കൊയിലാണ്ടി ഉത്സവത്തിനിടെ നാട്ടാന പരിപാലന ചട്ടം ലംഘിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ. ആനയെ എഴുന്നള്ളിക്കുന്നതിന്റെ തൊട്ടടുത്തായാണ് കതിന പൊട്ടിച്ചതെന്നാണ് ആരോപണം. വെടിക്കെട്ട് നടക്കുന്ന സമയത്ത് ഗോകുൽ എന്ന ആന മുന്നോട്ട് വന്ന് മുന്നിലുള്ള പീതാംബരൻ എന്ന ആനയെ കുത്തുകയായിരുന്നു.നാട്ടാന പരിപാലന ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.വെടിക്കെട്ടിന്റെ ശബ്ദം കേട്ട് ആനകൾ വിരണ്ടു എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയോടെ പ്രാഥമിക റിപ്പോർട്ട് ലഭിക്കും.വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാൽ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.കേസ് എടുത്ത് അന്വേഷിക്കണോ എന്ന കാര്യം പരിശോധിക്കുകയാണ്. വെടിക്കെട്ട് നടത്താൻ അനുമതി ഉണ്ടോയെന്നും ആനകളെ എഴുന്നള്ളിക്കാൻ അനുമതി ഉണ്ടോയെന്നും അന്വേഷിക്കും.