< Back
Kerala
മത്സരത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കടുത്ത നടപടി: വിമതര്‍ക്ക് മുന്നറിയിപ്പുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ്
Kerala

'മത്സരത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കടുത്ത നടപടി': വിമതര്‍ക്ക് മുന്നറിയിപ്പുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ്

Web Desk
|
24 Nov 2025 5:41 PM IST

പിന്മാറുന്നതിനായി വിമതർക്ക് 48 മണിക്കൂർ നൽകിയെന്നും ഡിസിസി പ്രസിഡന്‍റ് പ്രവീൺകുമാർ പറഞ്ഞു

കോഴിക്കോട്: വിമതര്‍ക്ക് മുന്നറിയിപ്പുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍. മത്സരത്തില്‍ നിന്ന് പിന്മാറി യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുന്നതായി നോട്ടീസ് ഇറക്കണം. ഇതിനായി വിമത സ്ഥാനാര്‍ഥികള്‍ക്ക് 48 മണിക്കൂര്‍ സമയം നല്‍കിയിട്ടുണ്ടെന്നും അല്ലാത്തപക്ഷം കടുത്ത നടപടി നേരിടേണ്ടിവരുമെന്നും ഡിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.

'സീറ്റ് ചര്‍ച്ചകളും തീരുമാനങ്ങളെല്ലാം തന്നെ വളരെ സൗഹാര്‍ദപരമായിരുന്നു. സീറ്റ് വിഭജനത്തോട് ഘടകകക്ഷികള്‍ക്കും നല്ല പ്രതികരണമായിരുന്നു. അടിത്തട്ടില്‍ ചര്‍ച്ച നടത്തിയാണ് മുകള്‍ത്തട്ടില്‍ തീരുമാനമെടുത്തത്. എന്നാല്‍, മൂന്നിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വിമത സ്ഥാനാര്‍ഥികള്‍ കളത്തിലിറങ്ങിയിട്ടുണ്ട്. മത്സരത്തില്‍ നിന്ന് പിന്മാറുന്നതിനായി ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.' പ്രവീണ്‍കുമാര്‍ വ്യക്തമാക്കി.

'പലരും നോമിനേഷന്‍ നല്‍കിയിരുന്നു. ആവശ്യപ്പെട്ടതിനനുസരിച്ച് അവരെല്ലാം പിന്മാറിയതാണ്. മൂന്ന് പേര്‍ ഇനിയും പിന്മാറിയിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. ഈ മൂന്നുപേര്‍ക്കും ഞങ്ങള്‍ 48 മണിക്കൂര്‍ സമയം നല്‍കിയിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ മത്സരരംഗത്ത് നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായി നോട്ടീസ് ഇറക്കണം. അല്ലാത്ത പക്ഷം കടുത്ത നടപടിയുണ്ടാകും.' പ്രവീണ്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Similar Posts