< Back
Kerala
സൈബർ തട്ടിപ്പുകളിൽ വൻ വർധന; കോഴിക്കോട് ജില്ലയെ സാമ്പത്തിക സൈബർ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു
Kerala

സൈബർ തട്ടിപ്പുകളിൽ വൻ വർധന; കോഴിക്കോട് ജില്ലയെ സാമ്പത്തിക സൈബർ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

Web Desk
|
1 Nov 2025 9:09 AM IST

ജില്ലയിലെ സൈബർ സാമ്പത്തിക തട്ടിപ്പുകൾ കൂടിയതോടെയാണ് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ പ്രഖ്യാപനം

കോഴിക്കോട്: കോഴിക്കോട് ജില്ലയെ സാമ്പത്തിക സൈബർ ഹോട്‌സ്‌പോട്ടായി പ്രഖ്യാപിച്ച് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ. ജില്ലയിലെ സൈബർ സാമ്പത്തിക തട്ടിപ്പുകൾ കൂടിയതോടെയാണ് പ്രഖ്യാപനം. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടികളെടുക്കുമെന്ന് റൂറൽ ജില്ല പൊലീസ് മേധാവി കെ.ഇ. ബൈജു പറഞ്ഞു.

ദക്ഷിണേന്ത്യയിൽ സൈബർ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഏഴാം സ്ഥാനത്താണ് കോഴിക്കോട് ജില്ല. സൈബർ കുറ്റ കൃത്യങ്ങൾ വർധിച്ചതോടെയാണ് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻറർ കോഴിക്കോട് ജില്ലയെ ഹോട്‌സ്‌പോട്ടായി പ്രഖ്യാപിച്ചത്. സൈബർ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാനും തടയാനുമായി ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസിയാണ് ഐഫോർസി. കണക്കുകൾ പ്രകാരം ഈ വർഷം ഏപ്രിൽ മുതൽ ഇതുവരെ 4083 പരാതികളിൽ 13 കോടിയിലധികം രൂപയാണ് സൈബർ തട്ടിപ്പ് സംഘങ്ങൾ കൈക്കലാക്കിയത്. വ്യാജ ട്രേഡിംഗുകളുടെയും മറ്റ് നിക്ഷേപങ്ങളുടെയും പേരു പറഞ്ഞാണ് കൂടുതൽ തുകകളുടെ തട്ടിപ്പുകൾ നടക്കുന്നത്.

സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായി ബാങ്ക് അക്കൗണ്ടുകളും എടിഎം കാർഡുകളും കൈമാറുന്നവർക്കെതിരെയും ഇടനിലക്കാർക്കെതിരെയും കർശന നടപടിയുമായി മുന്നോട്ട് പോവുകയാണ് പൊലീസ്. അതുമായി ബന്ധപ്പെട്ട് ഓപ്പറേഷൻ സൈ ഹണ്ടിൻറെ ഭാഗമായി ജില്ലയിൽ 14 പേരെ അറസ്റ്റ് ചെയ്തു. നിരവധി പേർ പൊലീസിന്റെ നിരീക്ഷണത്തിലുമാണ്. കോഴിക്കോട് റൂറലിൽ മാത്രം തട്ടിപ്പിനിരയായവർക്ക് ഒരുകോടിയോളം രൂപ തിരിച്ചു നൽകാൻ സാധിച്ചെന്നും റൂറൽ എസ്പി വ്യക്തമാക്കി. സൈബർ സാമ്പത്തിക തട്ടിപ്പ കേസുകൾ കൂടിയതോടെ സൈബർ രംഗത്ത് അന്വേഷണം വിപുലമാക്കുകയാണ് പൊലീസ്.

Similar Posts