< Back
Kerala
ആവിക്കൽതോട് പദ്ധതിക്ക് ബി.ജെ.പി പിന്തുണ; മേയറുടേത് നന്ദിപ്രകടനമോ?-ആരോപണവുമായി യൂത്ത് ലീഗ് നേതാവ്
Kerala

ആവിക്കൽതോട് പദ്ധതിക്ക് ബി.ജെ.പി പിന്തുണ; മേയറുടേത് നന്ദിപ്രകടനമോ?-ആരോപണവുമായി യൂത്ത് ലീഗ് നേതാവ്

Web Desk
|
8 Aug 2022 9:18 PM IST

ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിൽ കോഴിക്കോട് മേയർ ബീനാ ഫിലിപ്പിനെതിരെ നടപടിയെടുക്കാൻ സി.പി.എം ജില്ലാ ഘടകത്തെ സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്

കോഴിക്കോട്: ആർ.എസ്.എസ് പരിപാടിയിൽ കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് പങ്കെടുത്തതിൽ വിമർശനം ഉയരുന്നതിനിടെ സി.പി.എമ്മിനെതിരെ ആരോപണവുമായി മുസ്‌ലിം യൂത്ത് ലീഗ്. കോർപറേഷന്റെ ആവിക്കൽതോട് മലിനജന പ്ലാന്‍റ് പദ്ധതിക്ക് ബി.ജെ.പി പിന്തുണ അറിയിച്ചിരുന്നു. ഇതിനുള്ള നന്ദി പ്രകടനമായാണോ ബീന പരിപാടിയിൽ പങ്കെടുത്തതെന്ന് യൂത്ത്‌ ലീഗ് സംസ്ഥാന സെക്രട്ടറി ജിഷാൻ ടി.പി.എം ചോദിച്ചു.

വർഷങ്ങൾക്കു മുമ്പ് കൊല്ലം കോർപറേഷന്റെ മേയറായിരുന്ന എൻ. പത്മലോജനനെ ആർ.എസ്.എസ്സിന്റെ പരിപാടിയിൽ പങ്കെടുത്തതിന് സി.പി.എം നീക്കം ചെയ്തിരുന്നു. സമാനമായി കോഴിക്കോട് കോർപറേഷൻ മേയർ ബീനാ ഫിലിപ്പ് ആർ.എസ്.എസ്സിന്റെ പോഷക സംഘടനയായ ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്ത സാഹചര്യത്തിൽ അവരെ നീക്കം ചെയ്യുമോ? ആവിക്കൽതോട് പദ്ധതിക്കു കൗൺസിലിൽ ബി.ജെ.പി പിന്തുണ നൽകിയതിനു നന്ദി അറിയിച്ചതാണോ എന്ന് സി.പി.എം വ്യക്തമാക്കണമെന്ന് ജിഷാൻ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.

അതിനിടെ, ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിൽ ബീനാ ഫിലിപ്പിനെതിരെ സി.പി.എം നടപടിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. നടപടിയെടുക്കാൻ ജില്ലാ ഘടകത്തെ സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ബീനയെ തള്ളി സി.പി.എം ജില്ലാ നേതൃത്വം രംഗത്തുവന്നിരുന്നു. മേയറുടെ സമീപനം സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്നും മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതായും കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി.

വർഷങ്ങൾക്കു മുമ്പ് കൊല്ലം കോർപ്പറേഷന്റെ മേയറായിരുന്ന N പത്മലോജനനെ സിപിഐഎം RSS ന്റെ പരിപാടിയിൽ പങ്കെടുത്തതിന് നീക്കം...

Posted by Jishan Tpm on Monday, August 8, 2022

ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മേയർ നടത്തിയ പ്രസംഗത്തിലെ പരാമർങ്ങളും വിവാദമായിരുന്നു. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നവരെന്നും മേയർ പറഞ്ഞു. പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതൽ അവരെ സ്നേഹിക്കണം. ബാല്യകാലത്ത് കുട്ടികൾക്ക് എന്തു കൊടുക്കുന്നുവെന്നതാണ് പ്രധാനമെന്നും മേയർ അഭിപ്രായപ്പെട്ടു.

ശ്രീകൃഷ്ണ പ്രതിമയിൽ തുളസിമാല ചാർത്തിയാണ് മേയർ വേദിയിലെത്തിയത്. 'ശ്രീകൃഷ്ണ രൂപം മനസിലുണ്ടാകണം. പുരാണ കഥാപാത്രങ്ങളെ മനസിൽ ഉൾക്കൊള്ളണം. ബാലഗോകുലത്തിന്റേതായ മനസിലേക്ക് അമ്മമാർ എത്തണം. ഉണ്ണിക്കണ്ണനോട് ഭക്തി ഉണ്ടായാൽ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടില്ല. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാൻ കഴിയണം. അപ്പോൾ കുട്ടികളിലും ഭക്തിയും സ്നേഹവും ഉണ്ടാകും'-മേയർ പറഞ്ഞു.

Summary: Muslim Youth League leader alleges nexus between CPIM and BJP after Kozhikode mayor Dr. Beena Philip attends RSS event

Similar Posts