< Back
Kerala
മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച കേസ്: പ്രതികളുടെ ചെരുപ്പ് ആയുധമായി പരിഗണിക്കണമെന്ന് ആവശ്യം
Kerala

മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച കേസ്: പ്രതികളുടെ ചെരുപ്പ് ആയുധമായി പരിഗണിക്കണമെന്ന് ആവശ്യം

Web Desk
|
24 Sept 2022 7:00 AM IST

ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെതിരെ ഷൂ ആയുധമായി പരിഗണിച്ച് ഐപിസി 326 വകുപ്പ് ഉള്‍പ്പെടുത്തിയത് പോലെ ഈ കേസിലും ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം

കോഴിക്കോട് മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച കേസില്‍ പ്രതികളുടെ ചെരുപ്പ് ആയുധമായി പരിഗണിക്കണമെന്ന സെക്യൂരിറ്റിക്കാരുടെ സ്വകാര്യ അന്യായം കോടതി ഇന്ന് പരിഗണിക്കും. ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെതിരെ ഷൂ ആയുധമായി പരിഗണിച്ച് ഐപിസി 326 വകുപ്പ് ഉള്‍പ്പെടുത്തിയത് പോലെ ഈ കേസിലും ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. സെക്യൂരിറ്റിക്കാരുടെ അഭിഭാഷകയെ ഭീഷണിപ്പെടുത്തിയെന്ന കേസും ഇന്ന് കോടതി പരിഗണിക്കും.

സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വധിച്ച കേസിലെ പ്രതി നിസാമിനെതിരെ, ആയുധം കൊണ്ട് മാരകമായി പരിക്കേല്‍പ്പിച്ചെന്ന ഐപിസി 326 വകുപ്പ് പൊലീസ് ചുമത്തിയിരുന്നു. പരിക്കേല്‍പ്പിച്ച ആയുധമായി അന്ന് പൊലീസ് ഹാജരാക്കിയത് നിസാമിന്റെ ഷൂസായിരുന്നു. സമാനമായ രീതിയില്‍ ഈ കേസിലും ചെരുപ്പ് ആയുധമായി പരിഗണിച്ച് ഐപിസി 326ആം വകുപ്പ് ചുമത്തണമെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മർദനമേറ്റ സെക്യൂരിറ്റിക്കാരുടെ ആവശ്യം.

ഡി.വൈ.എഫ്.ഐ പ്രവർത്തകർ തറയിലിട്ട് ചവിട്ടയതിലൂടെ സെക്യൂരിറ്റികാരനായ ദിനേശിന്റെ വാരിയല്ല് പൊട്ടിയിരുന്നു. ദിനേശനെ ചെരുപ്പിട്ട് ചവിട്ടുന്നത് സിസിടിവി ദൃശ്യങ്ങളിലും വ്യക്തമാണ്. ആയുധം ഉപയോഗിച്ച് ശരീരത്തില്‍ മാരകമായി പരിക്കേല്‍പ്പിച്ചെന്ന ഐപിസി 326 വകുപ്പ് ഉള്‍പ്പെടുത്താന്‍ ഇത് മതിയായ കാരണമാണെന്നാണ് കോടതിയില്‍ സെക്യൂരിറ്റിക്കാർക്കായി അഭിഭാഷക അഡ്വ ബബില ഉമ്മർഖാന്‍ വാദിക്കുന്നത്. 10 വർഷം വരെ ശിക്ഷാ ലഭിക്കാന്‍ കാരണമായേക്കാവുന്ന കുറ്റമാണിത്.

ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ ചെരുപ്പ് ആയുധമാക്കുന്നത് സംബന്ധിച്ച് പൊലീസ് എന്തുപറയുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സി.പി.എം ജില്ലാ നേതൃത്വം വിമർശവുമായി രംഗത്തുവന്നതിനെ തുടർന്ന് സമ്മർദത്തിലാണ് പൊലീസെന്ന വിമർശമുണ്ട്. അക്രമത്തിന്റെ ദൃശ്യങ്ങളടങ്ങിയ സിസിടിവിയുടെ ഡ്രൈവ് കസ്റ്റഡിയിലെടുക്കാന്‍ വൈകിയതും പരാതിക്കിടയാക്കിയിരുന്നു. കുന്ദമംഗലം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

Similar Posts