< Back
Kerala
ക്ഷേത്രത്തിന് വേണ്ടി പൊലീസുകാരിൽ നിന്ന് നിർബന്ധിത പിരിവ് വേണ്ടെന്ന് കോഴിക്കോട് റൂറൽ എസ്.പി
Kerala

ക്ഷേത്രത്തിന് വേണ്ടി പൊലീസുകാരിൽ നിന്ന് നിർബന്ധിത പിരിവ് വേണ്ടെന്ന് കോഴിക്കോട് റൂറൽ എസ്.പി

Web Desk
|
14 April 2022 8:04 AM IST

കോഴിക്കോട് മുന്‍ കമ്മീഷണര്‍ എ.വി ജോര്‍ജാണ് നിർബന്ധിത പിരിവിന് നിർദേശം നൽകിയത്. കമ്മീഷണറുടെ നിർദേശം പോലീസിന്‍റെ മതേതര സ്വഭാവത്തിന് എതിരാണെന്നും കത്തിൽ പറയുന്നു

കോഴിക്കോട്: ക്ഷേത്രത്തിന് വേണ്ടി പോലീസുകാരിൽ നിന്ന് നിര്‍ബന്ധിത പിരിവ് നടത്താനുള്ള നീക്കത്തിനെതിരെ കോഴിക്കോട് റൂറൽ എസ്.പി. ജില്ലയിൽ നിന്ന് പിരിവ് അനുവദിക്കില്ലെന്ന് കാണിച്ച്, എസ്.പി ഡോ.എ ശ്രീനിവാസ് നിലവിലെ സിറ്റി പോലീസ് കമ്മീഷണർക്ക് കത്ത് നൽകി. കോഴിക്കോട് മുന്‍ കമ്മീഷണര്‍ എ.വി ജോര്‍ജാണ് നിർബന്ധിത പിരിവിന് നിർദേശം നൽകിയത്.

കമ്മീഷണറുടെ നിർദേശം പോലീസിന്‍റെ മതേതര സ്വഭാവത്തിന് എതിരാണെന്നും കത്തിൽ പറയുന്നു. പകർപ്പ് മീഡിയവണിന് ലഭിച്ചു. പോലീസിന്റെ നിയന്ത്രണത്തിലുള്ള മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പിന് വേണ്ടി കോഴിക്കോട് ജില്ലയിലെ മുഴുവൻ പോലീസുകാരും നിർബന്ധ പിരിവ് നൽകണമെന്നായിരുന്നു വിരമിക്കുന്നതിന് തൊട്ടുമുമ്പ് എ.വി ജോർജിന്റെ സർക്കുലർ.

എല്ലാ പോലീസുകാരിൽ നിന്നും 1 മാസം 20 രൂപ വീതം സി.ഐമാർ പിരിച്ച് നൽകണമെന്നായിരുന്നു നിർദേശം. എ.വി ജോർജിന്റെ സർക്കുലർ പോലീസിന്റെ മതേതര സ്വഭാവത്തിന് വിരുദ്ധമാണെന്ന നിലപാടിലാണ് റൂറൽ എസ്പി ഡോ.എ ശ്രീനിവാസ്. ക്ഷേത്രത്തിന് വേണ്ടി പിരിവ് നടത്താൻ സർക്കാർ ഉത്തരവോ നിർദേശമോ നൽകിയിട്ടില്ലെന്ന് നിലവിലെ കമ്മീഷണർക്ക്, റൂറൽ എസ്പി നൽകിയ കത്തിൽ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് റൂറൽ പോലീസ് ജില്ലയിൽ നിന്ന് പിരിവ് നടത്താൻ കഴിയില്ലെന്ന് കത്തിലുണ്ട്.

എ.വി ജോർജിന്റെ സർക്കുലറിനെതിരെ പോലീസുകാർ ഡി.ജി.പിക്ക് പരാതി നൽകിയത് മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട് സിറ്റി പരിധിയിലെ പോലീസുകാർ ഇപ്പോഴും നിർബന്ധിത അമ്പലപ്പിരിവ് നൽകുന്നുണ്ട്.

Related Tags :
Similar Posts