< Back
Kerala
KPCC decision to strengthen control over KSU
Kerala

കെ.എസ്.യുവിന് മേൽ നിയന്ത്രണം ശക്തമാക്കാൻ കെ.പി.സി.സി തീരുമാനം

Web Desk
|
27 May 2024 6:36 AM IST

കെ.എസ്.യു നേതൃത്വം സ്വന്തം നിലയിൽ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നത് വീണ്ടും പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് അടക്കമുള്ളവരുടെ വിലയിരുത്തൽ.

തിരുവനന്തപുരം: കെ.എസ്.യുവിന് മേൽ നിയന്ത്രണം ശക്തമാക്കാൻ കെ.പി.സി.സി നേതൃത്വം. തിരുവനന്തപുരം നെയ്യാർ ഡാമിലെ തെക്കൻ മേഖലാ ക്യാമ്പിനിടെയുണ്ടായ തമ്മിൽത്തല്ലിന് പിന്നാലെയാണ് നീക്കം. കെ.എസ്.യു നേതൃത്വം സ്വന്തം നിലയിൽ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നത് വീണ്ടും പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് അടക്കമുള്ളവരുടെ വിലയിരുത്തൽ.

ക്യാമ്പിനിടെയുണ്ടായ തമ്മിൽത്തല്ലിൽ കെ.എസ്.യു നേതൃത്വത്തെ കുറ്റപ്പെടുത്തി കെ.പി.സി.സി നിയോഗിച്ച അന്വേഷണ കമ്മീഷൻ ഇന്നലെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ക്യാമ്പ് നടത്തിപ്പിൽ കെ.എസ്.യു നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോർട്ട്. കെ.എസ്.യു നേതൃത്വത്തിലെ ഒരുവിഭാഗം വിഭാഗീയ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നെന്നും റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്. ഈ പരാതി നേരത്തേ തന്നെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുമുണ്ട്.

ഇടുക്കി രാമക്കൽമേട്ടിൽ നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പിൽ കെ.പി.സി.സി നേതൃത്വത്തിനെതിരെ ഉയർന്ന വിമർശനമടക്കം ഇതിന്റെ ഭാഗമെന്നാണ് വിലയിരുത്തൽ. രാമക്കൽമേട്ടിൽവച്ച് കെ.പി.സി.സി നേതൃത്വത്തിനെതിരെ കെ.എസ്.യു നേതാക്കൾ മാധ്യമങ്ങളോട് സംസാരിച്ചതിൽ കടുത്ത അതൃപ്തിയും കെ. സുധാകരനുണ്ട്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കെ.എസ്.യുവിന് മേൽ നിയന്ത്രണവും നിരീക്ഷണവും ഏർപ്പെടുത്താനാണ് കെ.പി.സി.സിയുടെ നീക്കം. കെ.എസ്.യുവിന്റെ തുടർപ്രവർത്തനങ്ങൾ കെ.പി.സി.സിയുടെ മേൽനോട്ടത്തിലാക്കാനും നിർദേശം വന്നേക്കും. തെക്കൻ മേഖലാ ക്യാമ്പിന് ശേഷം സംഘടിപ്പിക്കേണ്ട വടക്കൻ മേഖലാ ക്യാമ്പിന്റെ കാര്യവും ഇതോടെ അനിശ്ചിതത്വത്തിലാകും.

Related Tags :
Similar Posts