< Back
Kerala
സഹകരണ സംരക്ഷണം: സിപിഎമ്മുമായി യോജിച്ച് സമരം വേണ്ട, നടപടിയുണ്ടാകുമെന്ന് കെ.പി.സി.സി
Kerala

സഹകരണ സംരക്ഷണം: സിപിഎമ്മുമായി യോജിച്ച് സമരം വേണ്ട, നടപടിയുണ്ടാകുമെന്ന് കെ.പി.സി.സി

Web Desk
|
17 Oct 2023 4:57 PM IST

'സിപിഎമ്മിന് നില്‍ക്കകള്ളിയില്ലാതായപ്പോഴാണ് കോണ്‍ഗ്രസിന്റെ പിന്തുണ തേടുന്നത്'

തിരുവനന്തപുരം: മുച്ചൂടും കൊള്ളയടിച്ച് സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകര്‍ത്ത സിപിഎമ്മുമായി ഒരു കാരണവശാലും സംയുക്ത സമരങ്ങളിലോ സമ്മേളനങ്ങളിലോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്നും സഹകരണ മേഖലയുടെ സംരക്ഷണത്തിനും വിശ്വാസ്യത വീണ്ടെടുക്കാനും കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍.

അര്‍ത്ഥശങ്കയ്ക്ക് ഇടമില്ലാത്തവിധം കെപിസിസി യോഗം തീരുമാനിച്ച ഈ നിലപാടിന് കടകവിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ ശക്തമായ സംഘടനാ നടപടികള്‍ സ്വീകരിക്കും.

സിപിഎമ്മിന് നില്‍ക്കകള്ളിയില്ലാതായപ്പോഴാണ് കോണ്‍ഗ്രസിന്റെ പിന്തുണ തേടുന്നത്. സിപിഎം സഹകരണ മേഖലയില്‍ നടത്തിയ തീവെട്ടിക്കൊള്ളയുടേയും ശതകോടികളുടെ ബിനാമി ഇടപാടുകളുടേയും വിഴുപ്പുഭാണ്ഡം ചുമക്കേണ്ട ആവശ്യം കോണ്‍ഗ്രസിനില്ല. ജനങ്ങളാല്‍ ഒറ്റപ്പെട്ട സിപിഎം രക്ഷപെടാന്‍ വേണ്ടിയാണ് യോജിച്ചുള്ള സമരത്തിന് കോണ്‍ഗ്രസിന്റെ പിന്തുണ തേടുന്നത്.ഈ വിഷയത്തിൽ ഒറ്റക്ക് സമരം ചെയ്യാനുള്ള ആർജ്ജവവും തന്റേടവും സംഘടനാബലവും കോൺഗ്രസിനുണ്ട്.

സാധാരണക്കാരുടെ നിക്ഷേപമാണ് സിപിഎം മോഷ്ടിച്ചത്. നിക്ഷേപകരുടെ കണ്ണീരിന് സിപിഎം മറുപടി പറയേണ്ടിവരും. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കണമെന്നതാണ് ഈ വിഷയത്തില്‍ കെപിസിസിയുടെ നിലപാട്. സഹകരണ മേഖലയിലെ പുഴുകുത്തുകളെ സംരക്ഷിക്കേണ്ട ആവശ്യം കോണ്‍ഗ്രസിനില്ല. നമ്മുടെ സമ്പദ് വ്യവസ്ഥയുടെയും നാടിന്റെയും ജീവനാഡിയായ സഹകരണ മേഖലയെ തട്ടിപ്പ് സംഘത്തില്‍ നിന്നും മുക്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കും

Related Tags :
Similar Posts