< Back
Kerala
KSEB resumes operations for Athirappilly Hydropower Project
Kerala

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി: വീണ്ടും അണിയറപ്രവര്‍ത്തനം തുടങ്ങി കെഎസ്ഇബി

Web Desk
|
29 April 2025 7:20 AM IST

ലോക നിലവാരമുള്ള ടൂറിസം കേന്ദ്രമാക്കി അതിരപ്പിള്ളിയെ മാറ്റുമെന്ന് കെഎസ്ഇബി പറയുന്നു.

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാനായി കെഎസ്ഇബി വീണ്ടും അണിയറപ്രവര്‍ത്തനം തുടങ്ങി. ടൂറിസം പദ്ധതി കൂടി കൂട്ടിച്ചേര്‍ത്താണ് പുതിയ നീക്കം ആരംഭിച്ചത്. ലോക നിലവാരമുള്ള ടൂറിസം കേന്ദ്രമാക്കി അതിരപ്പിള്ളിയെ മാറ്റുമെന്ന് കെഎസ്ഇബി പറയുന്നു.സീ പ്ലെയിനടക്കം ഡാമിന്റെ ഭാഗമായി കൊണ്ടുവരും. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി സി എര്‍ത്ത് എന്ന സ്ഥാപനത്തെ നിയോഗിച്ചു.

മാര്‍ച്ച് 19ന് ചേര്‍ന്ന കെഎസ്ഇബി ബോര്‍ഡ് യോഗമാണ് 163 മെഗാവാട്ട് ശേഷിയുള്ള അതിരപ്പിള്ളി പദ്ധതി വീണ്ടും നടപ്പാക്കാനുള്ള നടപടി തുടങ്ങിയത്. വൈദ്യുതി ഉത്പാദനം മാത്രമല്ല മെഗാ ടൂറിസം പദ്ധതിയായി അതിരപ്പിള്ളിയെ മാറ്റിയെടുക്കാനാണ് തീരുമാനം. ഡാം നിര്‍മിച്ചാല്‍ വേനല്‍ക്കാലത്തും പ്രദേശത്തേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാവുമെന്നാണ് കെഎസ്ഇബി പറയുന്നത്.

സീ പ്ലെയിൻ, ഗ്ലാസ് അക്വേറിയം, വാക്ക് വേ, ബോട്ടിങ്, ആംനറ്റി സെന്ററുകള്‍, ഷോപ്പിങ് കോംപ്ലക്സ് എന്നിവ പദ്ധതിയുടെ ഭാഗമായി അതിരപ്പിള്ളിയില്‍ കൊണ്ടുവരും. ഇതിനോടൊപ്പം ആദിവാസികള്‍ക്കായി സ്കൂള്‍, ആശുപത്രി എന്നിവയും നിര്‍മിക്കും.

കോഴിക്കോട് ആസ്ഥാനമായ സെന്റര്‍ ഫോര്‍ എന്‍വിയോണ്‍മെന്റ് ആര്‍ക്കിടെക്ച്ചര്‍ ആന്‍ഡ് ഹ്യൂമെന്‍ സെറ്റില്‍മെന്റ്സ് അഥവാ സീ എര്‍ത്തിനെയാണ് സ്ഥലം സന്ദര്‍ശിച്ച് വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കെഎസ്ഇബി ചുമതലപ്പെടുത്തിയത്. 23 മീറ്റര്‍ ഉയരത്തിലാണ് ഡാം നിര്‍മിക്കേണ്ടത്. ഡാം വന്നാല്‍ വാഴച്ചാല്‍ ഡിവിഷന് കീഴിലെ 136 ഹെക്ടര്‍ വനം വെള്ളത്തിനടിയിലാവും. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഭൂമിയില്‍ ഇതിന് പകരമായി വനവത്കരണം നടത്താമെന്നാണ് കെഎസ്ഇബിയുടെ വാദം.

46 വര്‍ഷം മുമ്പാണ് അതിരപ്പിള്ളിക്കായുള്ള ചര്‍ച്ചകളും നീക്കവും തുടങ്ങിയത്. എന്നാൽ പരിസ്ഥിതി പ്രവര്‍ത്തകരുടെയും ആദിവാസികളുടെയും സിപിഐ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടേയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് പദ്ധതി നടപ്പാക്കാനാവാത്തത്.



Similar Posts