< Back
Kerala
chooralmala landslide
Kerala

ചൂരൽമല ദുരിതബാധിതര്‍ക്ക് കെഎസ്എഫ്ഇയുടെ ഇരുട്ടടി; മുടങ്ങിയ ചിട്ടിതുക അടയ്ക്കാന്‍ നോട്ടീസ്

Web Desk
|
19 Dec 2024 10:46 AM IST

പി.സൗജത്ത് , എം.മിന്നത്ത് എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്

വയനാട്: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് തിരിച്ചടവ് നോട്ടീസ് അയച്ച് കെഎസ്എഫ്ഇ. പി.സൗജത്ത്, എം.മിന്നത്ത് എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്. എന്നാൽ, അബദ്ധം സംഭവിച്ചതാണെന്നും ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ അയച്ച നോട്ടീസ് ആണെന്നുമാണ് കെഎസ്എഫ്ഇ വിശദീകരണം. നടപടി നിർത്തിവെക്കാൻ നിർദേശം നൽകിയതായി കെഎസ്എഫ്ഇ ചെയർമാൻ കെ .വരദരാജൻ പറഞ്ഞു.

ദുരന്തത്തെ തുടർന്ന് താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്ന ചൂരൽമല സ്വദേശികളായ സൗജത്ത് , മിന്നത്ത് എന്നിവർക്കാണ് KSFE യുടെ തിരിച്ചടവ് നോട്ടീസ് ലഭിച്ചത്. 5,000 രൂപ വീതമുള്ള 12 തവണകൾ മുടങ്ങിയിട്ടുണ്ടെന്നും ഇത് അടിയന്തരമായി തിരിച്ചടയ്ക്കണമെന്നുമാണ് എം മിന്നത്തിന് നവംബർ 30ന് ലഭിച്ച നോട്ടീസ്. പി. സൗജത്തിന് സെപ്തംബർ 12നും സമാന സ്വഭാവത്തിലുള്ള നോട്ടീസ് ലഭിച്ചിരുന്നു. എന്നാൽ സംഭവിച്ചത് അബദ്ധമാണെന്നും പണം തിരിച്ചു പിടിക്കാൻ തീരുമാനങ്ങൾ ഒന്നും ഇല്ലെന്നും കെഎസ്എഫ്ഇ മേപ്പാടി ബ്രാഞ്ച് മാനേജർ കെ.എ തോമസ് പ്രതികരിച്ചു.

നടപടി നിർത്തിവയ്ക്കാനും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാനും നിര്‍ദേശം നൽകിയതായും കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജനും പറഞ്ഞു. രണ്ടുപേർക്ക് നോട്ടീസ് നൽകിയതോടെ ആശങ്കയിലായ കെഎസ്എഫ്ഇ ഉപഭോക്താക്കൾ അധികൃതരുടെ വിശദീകരണം വന്നതോടെ ആശ്വാസത്തിലാണ്.


Similar Posts