< Back
Kerala

Kerala
വനിതാ കണ്ടക്ടർക്കൊപ്പം പുരുഷ യാത്രക്കാർ ഇരിക്കേണ്ടെന്ന് കെ.എസ്.ആർ.ടി.സി; ബസുകളിൽ നോട്ടീസ് പതിപ്പിച്ചു
|4 Dec 2022 2:15 PM IST
2020ൽ തന്നെ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരുന്നു. പല യാത്രക്കാരും ഇത് ലംഘിച്ചതിനെ തുടർന്നാണ് ബസുകളിൽ നോട്ടീസ് പതിപ്പിക്കാൻ തീരുമാനിച്ചത്.
തിരുവനന്തപുരം: വനിതാ കണ്ടക്ടർ ഇരിക്കുന്ന സീറ്റിൽ ഇനി സ്ത്രീ യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്ന് കെ.എസ്.ആർ.ടി.സി. രണ്ടു വർഷം മുമ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരുന്നു. ഉത്തരവ് യാത്രക്കാരുടെ ശ്രദ്ധയിൽപെടാത്തതിനാൽ ഇപ്പോൾ ബസുകളിൽ കെ.എസ്.ആർ.ടി.സി നോട്ടീസ് പതിപ്പിച്ചു തുടങ്ങി.
ചില സമയങ്ങളിൽ അടുത്തിരിക്കുന്ന പുരുഷ യാത്രക്കാരിൽ നിന്ന് മോശം അനുഭവം ഉണ്ടാകുന്നതായി വനിതാ കണ്ടക്ടർമാർ പരാതി നൽകിയതിനെ തുടർന്നാണ് 2020ൽ കെ.എസ്.ആർ.ടി.സി ഉത്തരവിറക്കിയത്. വനിതാ കണ്ടക്ടറുടെ സീറ്റിൽ പുരുഷ യാത്രക്കാരൻ ഒപ്പം ഇരിക്കാൻ പാടില്ല. 2021 ലും ഉത്തരവ് പുതുക്കി ഇറക്കിയിരുന്നു. എന്നാൽ പല യാത്രക്കാർക്കും ഉത്തരവ് സംബന്ധിച്ച് അറിവില്ലായിരുന്നു. വനിതാ കണ്ടക്ടർമാർ വീണ്ടും പരാതിപ്പെട്ടതോടെയാണ് ബസുകളിൽ നോട്ടീസ് പതിപ്പിക്കാൻ തീരുമാനിച്ചത്.