< Back
Kerala
സ്വിഫ്റ്റിലെ നിയമനങ്ങള്‍ എകെജി സെന്‍ററില്‍ നിന്ന് നല്‍കിയ ലിസ്റ്റ് പ്രകാരം: തൊഴിലാളി സംഘടനകള്‍
Kerala

സ്വിഫ്റ്റിലെ നിയമനങ്ങള്‍ എകെജി സെന്‍ററില്‍ നിന്ന് നല്‍കിയ ലിസ്റ്റ് പ്രകാരം: തൊഴിലാളി സംഘടനകള്‍

Web Desk
|
6 April 2022 6:52 AM IST

ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഭരണാനുകൂല യൂണിയനും പ്രതിഷേധത്തിലാണ്

തിരുവനന്തപുരം: എകെജി സെന്‍ററില്‍ നിന്ന് നല്‍കിയ ലിസ്റ്റ് പ്രകാരമാണ് സ്വിഫ്റ്റില്‍ നിയമനങ്ങള്‍ നടക്കുന്നതെന്ന് കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി സംഘടനകള്‍. ശമ്പളം നല്‍കാന്‍ കഴിയാത്തതിന്റെ ജാള്യത മറയ്ക്കാനാണ് ഗതാഗത മന്ത്രി, തൊഴിലാളി വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നത്. സ്വിഫ്റ്റിനെതിരായ നിയമ പോരാട്ടം തുടരുമെന്നും യൂണിയനുകള്‍ അറിയിച്ചു.

ഏപ്രില്‍ 11ന് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ആദ്യ സര്‍വീസ് തുടങ്ങും. സ്വിഫ്റ്റ് അനിവാര്യമാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു ഇന്നലെയും വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സിയെ തകര്‍ത്തുകൊണ്ട് സ്വിഫ്റ്റ് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷ യൂണിയനായ ടി.ഡി.എഫിന്‍റെ മുന്നറിയിപ്പ്. പുറംവാതില്‍ നിയമനമാണ് സ്വിഫ്റ്റില്‍ നടക്കുന്നതെന്നാണ് ആരോപണം.

ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഭരണാനുകൂല യൂണിയനും പ്രതിഷേധത്തിലാണ്. എല്ലാ മാസവും അഞ്ചാം തിയ്യതി ശമ്പളം നല്‍കുമെന്നാണ് മന്ത്രി ആന്‍റണി രാജു വീമ്പ് പറഞ്ഞതെന്നും അത് നടക്കാത്തതിന്‍റെ നാണക്കേട് മറയ്ക്കാനാണ് തൊഴിലാളികള്‍ക്കെതിരായ പ്രസ്താവനയെന്നും കെ.എസ്.ആര്‍.ടി എംപ്ലോയീസ് യൂണിയന്‍ നേതാക്കള്‍ പ്രതികരിച്ചു.

കെ.എസ്.ആര്‍.ടി.സിക്ക് പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച 116 കോടി രൂപ വകമാറ്റിയാണ് സ്വിഫ്റ്റിനായി ബസ് വാങ്ങിയതെന്ന് ബിഎംഎസ് യൂണിയന്‍. കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും യൂണിയന്‍ അറിയിച്ചു.

Similar Posts