< Back
Kerala
മലയാളികള്‍ക്ക് ഓണസമ്മാനമായി പുത്തന്‍ ബസുകളിറക്കാന്‍ കെഎസ്ആർടിസി; 168 ബസുകൾക്ക് പര്‍ച്ചേസ് ഓര്‍ഡര്‍ നൽകി
Kerala

മലയാളികള്‍ക്ക് ഓണസമ്മാനമായി പുത്തന്‍ ബസുകളിറക്കാന്‍ കെഎസ്ആർടിസി; 168 ബസുകൾക്ക് പര്‍ച്ചേസ് ഓര്‍ഡര്‍ നൽകി

Web Desk
|
2 July 2025 8:33 AM IST

107 കോടി രൂപയാണ് ബസ് വാങ്ങാൻ ബജറ്റിൽ സർക്കാർ വകയിരുത്തിയത്

തിരുവനന്തപുരം: മലയാളികള്‍ക്ക് ഓണസമ്മാനമായി പുത്തന്‍ ബസുകളിറക്കാന്‍കെഎസ്ആർടിസി. എസിയും സ്ലീപ്പറും സ്ലീപ്പര്‍ കം സീറ്ററുമടക്കമുള്ള ബസുകള്‍ രണ്ടു മാസത്തിനുള്ളില്‍ എത്തും. മൊത്തം 168 ബസുകള്‍ക്കാണ് പര്‍ച്ചേഴ്സ് ഓര്‍ഡര്‍ കൊടുത്തത്. 107 കോടി രൂപയാണ് ബസ് വാങ്ങാൻ ബജറ്റിൽ സർക്കാർ വകയിരുത്തിയത്.

ഐഷര്‍ കമ്പനിയുടെ 4 സിലിണ്ടര്‍ നോണ്‍ എസി ബസ് 25 എണ്ണം വാങ്ങും. ഓര്‍ഡിനറി സര്‍വീസിനായുള്ള ഈ ഒൻപത് മീറ്റര്‍ നീളമുള്ള ബസില്‍ 30 സീറ്റുണ്ട്. ദീര്‍ഘ ദൂര സൂപ്പര്‍ ഫാസ്റ്റ് സര്‍വീസിനായി ടാറ്റയുടെ 11 മീറ്റര്‍ നീളമുള്ള 6 സിലിണ്ടര്‍ നോണ്‍ എസി ബസ് 60 എണ്ണമെത്തും. 50 സീറ്റാണ് ബസിലുള്ളത്. ഇതേ ശ്രേണിയിലുള്ള 20 ബസുകള്‍ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിനായും വാങ്ങുന്നുണ്ട്. ഹ്രസ്വ ദൂര ഫാസറ്റ് പാസഞ്ചര്‍ സര്‍വീസിന് ലൈലാന്റിന്റെ 4 സിലിണ്ടര്‍ നോണ്‍ എസി ബസും വരുന്നുണ്ട്. ഡ്രൈവറുള്‍പ്പെടെ 39 സീറ്റ്.

എസി ബസുകളാണിനിയുള്ളത്. ലൈലാന്റ് കമ്പനിയുടെ 36 സീറ്റുള്ള എസി സ്ലീപ്പര്‍ ബസ് എട്ട് എണ്ണം, 51 സീറ്റുള്ള എസി സീറ്റര്‍ എട്ട് എണ്ണം, 18 ബര്‍ത്തും 36 സീറ്റുമുള്ള എസി സ്ലീപ്പര്‍ കം സീറ്റര്‍ 10 ബസും വാങ്ങും. പ്രീമിയം സൂപ്പര്‍ ഫാസ്റ്റായി സര്‍വീസ് നടത്താന്‍ 40 സീറ്റുള്ള 10 എസി സീറ്റര്‍ ബസും ഉടനെത്തും. കഴിഞ്ഞ ദിവസം രണ്ട് ബസുകള്‍ തിരുവനന്തപുരത്തെത്തിയിരുന്നു. സൂപ്പര്‍ ഫാസ്റ്റും ഫാസ്റ്റ് പാസഞ്ചറും ബസ് ഓടിച്ച് നോക്കി ഡിസൈനിലടക്കം ചില മാറ്റങ്ങള്‍ വരുത്താന്‍ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചു.

Similar Posts