< Back
Kerala
ആരോഗ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്;  കെഎസ്‌യു പ്രവർത്തകർ ജയിൽ മോചിതരായി
Kerala

ആരോഗ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; കെഎസ്‌യു പ്രവർത്തകർ ജയിൽ മോചിതരായി

Web Desk
|
13 March 2026 5:30 PM IST

കറുത്ത വസ്ത്രമണിഞ്ഞാണ് അഞ്ചു പേരും ജയിലിന് പുറത്തെത്തിയത്

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ റിമാൻഡിലായിരുന്ന കെഎസ്‌യു പ്രവർത്തകർ ജയിൽ മോചിതരായി. ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജിൻ്റെ നേതൃത്വത്തിൽ കണ്ണൂർ സബ് ജയിലിന് മുന്നിൽ പ്രവർത്തകർക്ക് സ്വീകരണം നൽകി. ഭരണകൂട വേട്ടയാണ് തങ്ങളോട് പിണറായി സർക്കാർ കാട്ടിയതെന്ന് ജയിൽ മോചിതനായ കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് എം.സി. അതുൽ പ്രതികരിച്ചു. പതിനാറ് ദിവസത്തെ ജയിൽവാസത്തിനൊടുവിലാണ് ജില്ലാ പ്രസിഡൻ്റ് അടക്കമുള്ള പ്രവർത്തകർ പുറത്തിറങ്ങിയത്. കറുത്ത വസ്ത്രമണിഞ്ഞാണ് അഞ്ചു പേരും എത്തിയത്.

മുദ്രാവാക്യം വിളികളുമായി എതിരേറ്റ പ്രവർത്തകരെ ഷാളണിയിച്ച ശേഷം ഡിസ സി ഓഫീസിലേക്ക് പ്രകടനവും നടന്നു. ജനാധിപത്യ രീതിയിൽ കരിങ്കൊടി കാട്ടിയുള്ള പ്രതിഷേധം മാത്രമാണ് നടന്നതെന്ന് പ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു. ഭരണകൂട വേട്ടക്ക് അവസരമൊരുക്കിയ മന്ത്രിയടക്കമുള്ളവർ നടത്തിയ നാടകം പൊളിഞ്ഞെന്നും കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് പ്രതികരിച്ചു. മന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ ഫോൺ നഷ്ടമായ മുബാസിന് ജയിലിൽ നിന്ന് ഇറങ്ങിയ ഘട്ടത്തിൽ പാർട്ടി നേതൃത്വം മൊബൈൽ സമ്മാനിച്ചു.

കഴിഞ്ഞ മാസം 25 ന് നടന്ന സംഭവത്തിൽ 26 ന് പുലർച്ചെയാണ് ജില്ലാ പ്രസിഡൻ്റ് അടക്കമുള്ള കെഎസ്‌യു പ്രവർത്തകർ റിമാൻഡിലായത്. വധശ്രമം അടക്കം ഒമ്പത് വകുപ്പുകൾ ചുമത്തിയ കേസിൽ നിർണായക തെളിവുകൾ ഒന്നും പൊലീസിന് കണ്ടെത്താൻ സാധിച്ചിരുന്നില്ല.

മാത്രമല്ല, മന്ത്രിയെ ആയുധം ഉപയോഗിച്ച് ആക്രമിച്ചിട്ടില്ലെന്ന് സംഭവസമയത്ത് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരും മൊഴി നൽകിയിരുന്നു. ഇതോടെ കേസ് തന്നെ ദുർബലപ്പെടുന്ന സാഹചര്യത്തിലേക്കെത്തുകയായിരുന്നു.

കെഎസ്‌യു കണ്ണൂര്‍ പ്രസിഡന്റ് അതുല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്നലെ രാവിലെയാണ് കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കെഎസ്‌യു പ്രവര്‍ത്തകര്‍ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് മന്ത്രിയുടെ ഗണ്‍മാന്‍ മൊഴി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പിനായി പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

എന്നാല്‍, കെഎസ്‌യു പ്രവര്‍ത്തകര്‍ കറുത്ത കൊടി വീശി വരുന്നത് മാത്രമാണ് കണ്ടതെന്നാണ് ടൗണ്‍ സ്റ്റേഷനിലെ എസ്‌ഐയും സിവില്‍ പൊലീസ് ഓഫീസറും നല്‍കിയ മൊഴിയില്‍ പറയുന്നത്. മന്ത്രിക്ക് പരിക്കേറ്റത് സംബന്ധിച്ച മെഡിക്കല്‍ രേഖകളൊന്നും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും ജാമ്യ ഉത്തരവിലുണ്ടായിരുന്നു.

Similar Posts