
Photo|Aloshious Xavier Facebook Page
കലാലയങ്ങളെ കോൺസൻട്രേഷൻ ക്യാമ്പുകളാക്കരുത്, അധ്യാപകരിൽ ചിലർ നാസി പടയാളികളെ പോലെ പെരുമാറുന്നു; കെഎസ്‌യു
|പാലക്കാട് എച്ച്എസ്എസ് കണ്ണാടിയിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിലാണ് പ്രതികരണം
തിരുവനന്തപുരം: പാലക്കാട് എച്ച്എസ്എസ് കണ്ണാടിയിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റഅ അലോഷ്യസ് സേവ്യർ. കലാലയങ്ങളെ കോൺസൻട്രേഷൻ ക്യാമ്പുകളാക്കരുതെന്നും അധ്യാപകരിൽ ചിലർ നാസി പടയാളികളെ പോലെ പെരുമാറുന്നുവെന്നും അലോഷ്യസ് സേവ്യർ ഫേസ്ബുക്കിൽ കുറിച്ചു.
വിദ്യാർഥികളെ ചേർത്തുപിടിക്കുന്ന മികച്ച പല അധ്യാപകർക്കും അപമാനമാണ് ഇക്കൂട്ടർ. പ്രഷർ കുക്കറിന് സമാനമായി നമ്മുടെ വിദ്യാർഥികൾ മെന്റൽ പ്രഷറും ട്രോമയും നേരിട്ടുകൊണ്ട് മുന്നോട്ട് പോകുന്നതിനെ അഡ്രസ് ചെയ്യാൻ നാട്ടിലെ ഭരണകൂടവും പൊതുസമൂഹവും പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജസ്റ്റിസ് ഫോർ ക്യാംപയിനുകൾക്ക് അപ്പുറം ഒരു തലമുറയെ രക്ഷപ്പെടുത്താനുള്ള ക്രിയാത്മകമായ നടപടികളാണ് ആവശ്യം. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ അതിലേക്കാണ് നാടിനെ കൊടുപ്പിക്കേണ്ടതെന്നും അലോഷ്യസ് സേവ്യറിന്റെ പോസ്റ്റിൽ പറയുന്നു.
വെള്ളിയാഴ്ച വൈകിട്ടാണ് അർജുന്റെ മരണത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്ന സംഭവമുണ്ടായത്. കുട്ടിയെ വീട്ടിൽ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയതിന് പിന്നാലെ ക്ലാസ് അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ അയച്ച മെസ്സേജിനെ തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിൽ ഇടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു. അതേസമയം അധ്യാപിക ക്ലാസിൽ വെച്ച് സൈബർ സെല്ലിൽ വിളിച്ചതോടെ അർജുൻ അസ്വസ്ഥനായിരുന്നു എന്ന് കൂട്ടുകാരും പറയുന്നുണ്ട്.
പോസ്റ്റിന്റെ പൂർണരൂപം;
കലാലയങ്ങളെ കോൺസൻട്രേഷൻ ക്യാമ്പുകൾ ആക്കരുത്. അധ്യാപകരിൽ ചിലർ നാസി പടയാളികളെ പോലെ പെരുമാറുന്നു. വിദ്യാർഥികളെ ചേർത്തു പിടിക്കുന്ന മികച്ച പല അധ്യാപകർക്കും അപമാനമാണ് ഈ കൂട്ടർ. പാലക്കാട് കണ്ണാടി സ്കൂളിൽ ഒരു വിദ്യാർഥി ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തെ ഒറ്റപ്പെട്ട ഒന്നായി കാണാൻ നമുക്ക് ആവില്ല. പ്രെഷർ കുക്കറിന് സമാനമായി നമ്മുടെ വിദ്യാർഥികൾ മെന്റൽ പ്രഷറും ട്രോമയും നേരിട്ടു കൊണ്ട് മുന്നോട്ട് പോകുന്നതിനെ അഡ്രസ് ചെയ്യാൻ ഇന്നാട്ടിലെ ഭരണകൂടവും പൊതുസമൂഹവും പരാജയപെട്ടു കൊണ്ട് ഇരിക്കുകയാണ്.
പഴയ കാലം പോലെ തങ്ങളുടെ ആത്മസംഘർഷങ്ങളെ പങ്കു വയ്ക്കാനോ പരിഹരിക്കാനോ സാധിക്കാതെ വീർപ്പ് മുട്ടി ജീവിതം സ്വയം അവസാനിപ്പിക്കേണ്ടി വരുന്നവരുടെ പട്ടികയിൽ ഒടുവിൽ അർജുനും ഇടം നേടിയിരിക്കുകയാണ്. നമുക്ക് വേണ്ടത് അനുശോചന കുറിപ്പോ, ജസ്റ്റിസ് ഫോർ എന്ന ക്യാംപെയ്നുകളോ അല്ല. മറിച്ച് ഒരു തലമുറയെ തന്നെ രക്ഷ പെടുത്തെന്നുള്ള ക്രിയാത്മകമായ നടപടികൾ ആണ്.
ഭരണ പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ അതിലേക്ക് ആണ് ഈ നാടിനെ നമുക്ക് കൊടുപ്പിക്കേണ്ടത്.
~ അലോഷ്യസ് സേവ്യർ
KSU സംസ്ഥാന പ്രസിഡന്റ്