< Back
Kerala
KSU wins in Cusat Students Union Election after 31 years
Kerala

കുസാറ്റിൽ 31 വർഷത്തിന് ശേഷം യൂണിയൻ പിടിച്ച് കെഎസ്‍യു; എസ്എഫ്ഐക്ക് തിരിച്ചടി

Web Desk
|
13 Dec 2024 7:59 PM IST

കുസാറ്റിൽ ഒറ്റയ്ക്കാണ് കെഎസ്‌യു ഇത്തവണ മത്സരിച്ചത്. ചെയർമാൻ സ്ഥാനമടക്കം 13 പോസ്റ്റുകളിലാണ് വിജയം.

കൊച്ചി: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) തെരഞ്ഞെടുപ്പിൽ യൂണിയൻ പിടിച്ച് കെഎസ്‍യു. 31 വ‍ർഷത്തിന് ശേഷമാണ് കെഎസ്‍യു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കുന്നത്. ചെയർമാനായി കുര്യൻ ബിജു തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ രണ്ട് സീറ്റിൽ മാത്രമായിരുന്നു കെഎസ്‍യുവിൻ്റെ വിജയം.

കുസാറ്റിൽ ഒറ്റയ്ക്കാണ് കെഎസ്‌യു ഇത്തവണ മത്സരിച്ചത്. ചെയർമാൻ സ്ഥാനമടക്കം 13 പോസ്റ്റുകളിലാണ് വിജയം. ഒരുപാട് കാലത്തെ കഷ്ടപ്പാടിനൊടുവിലാണ് ഈ വിജയമെന്നും ഇതൊരു ചരിത്രനിമിഷമാണെന്നും ചെയർമാൻ കുര്യൻ ബിജു മീഡിയവണിനോട് പറഞ്ഞു.

നിരവധി വിദ്യാർഥികൾ അനുഭവിച്ച വേദനയ്ക്ക് കൈയും കണക്കുമില്ല. എസ്എഫ്ഐ അക്രമത്തെ തുടർന്ന് നിരവധി വിദ്യാർഥികൾ ഇന്ന് ഈ ക്യാംപസിൽ ഇല്ലെന്നും കഴിഞ്ഞ 31 കൊല്ലം വിദ്യാർഥി വിരുദ്ധമായ യൂണിയനാണ് കുസാറ്റിലുണ്ടായിരുന്നതെന്നും ചെയർമാൻ പറഞ്ഞു. ഇതൊരു ചരിത്രദിവസമാണ്. കുസാറ്റിന് ഇനിയൊരു കെട്ടകാലമില്ല- കുര്യൻ ബിജു കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷങ്ങളിൽ വെറും ഒന്നോ രണ്ടോ വോട്ടിനാണ് കെഎസ്‍യുവിന്റെ കൈയിൽനിന്നും യൂണിയൻ പോയതെന്നും എന്നിട്ടും ഏകാധിപത്യ ഭരണം തുടരുകയാണ് എസ്എഫ്‌ഐ ചെയ്തിരുന്നതെന്ന് നേതാക്കൾ അറിയിച്ചു. ഒരു വേർതിരിവുമില്ലാത്ത വിദ്യാർഥി സൗഹൃദ യൂണിയനായിരിക്കും തങ്ങളുടേതെന്നും നേതാക്കൾ അറിയിച്ചു.



Similar Posts