< Back
Kerala
നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കും, പറയുമെന്നാണ് പ്രതീക്ഷ: കെ.സുധാകരൻ
Kerala

നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കും, പറയുമെന്നാണ് പ്രതീക്ഷ: കെ.സുധാകരൻ

Web Desk
|
5 Feb 2026 9:53 PM IST

സ്ഥാനാർത്ഥിത്വത്തെ കുറിച്ചുള്ള തീരുമാനങ്ങളെല്ലാം രണ്ട് മൂന്ന് ദിവസത്തിനകം ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. പാര്‍ട്ടി പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള തീരുമാനങ്ങളെല്ലാം രണ്ട് മൂന്ന് ദിവസത്തിനകം ഉണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു. നാഷണല്‍ ജനതാദള്‍ കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഞാനും ജോണ്‍ ജോണുമായുള്ള ബന്ധത്തിന്റെ പുറത്താണ് ഇന്ന് ഇവിടെ എത്തിച്ചേര്‍ന്നത്. ഇന്നത്തെ സെഷനില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ സമ്മതം മൂളുകയായിരുന്നു. അവര്‍ക്ക് ഇപ്പോള്‍ വേണമെങ്കിലും കോണ്‍ഗ്രസിലേക്ക് വരാം. ഒരാള്‍ക്കും എതിര്‍പ്പില്ല. ഏറ്റവും നല്ല നേതാക്കളാണ് അവര്‍. ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍. കമ്യൂണിസം വേണ്ടെന്ന മുദ്രാവാക്യത്തിന്റെ വക്താക്കളാണ് താനും ജോണ്‍ ജോണും. നാഷണല്‍ ജനദാതളുമായി ഒന്നിച്ച് പോകും. അതിനുള്ള അവസരം താന്‍ നല്‍കും. സാധാരണക്കാരന്റെ പാര്‍ട്ടിയായിരുന്നു ഒരിക്കല്‍ സിപിഎം. ഇന്ന് അവിടെയാണ് അവര്‍ സാധാരണക്കാര്‍ക്ക് വേണ്ടി നിലനില്‍ക്കുന്നത്? ഈ സര്‍ക്കാരിന് സാധാരണക്കാരോട് കടപ്പാടുള്ളതായി ഞാന്‍ കാണുന്നില്ല. കള്ളപ്പണം ഉണ്ടാക്കി സംസ്ഥാനത്തെ കൊള്ളയടിച്ചവരാണ് ഇടതുമുന്നണി സര്‍ക്കാര്‍.'. സുധാകരന്‍ പറഞ്ഞു.

ആലപ്പുഴയില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന കിഷോര്‍ ബാബുവിനെ കുറിച്ചുള്ള ചോദ്യങ്ങളോട് ഇതേക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നായിരുന്നു സുധാകരന്റെ മറുപടി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ജയിലില്‍ നിന്ന് പുറത്തുവന്നവരെല്ലാം ഇടതുപക്ഷമാണെന്നും ഇനി വരാനുള്ളവരും ഇടതുപക്ഷമാണെന്നും സുധാകരന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണമോയെന്ന പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Posts