
ദുബൈ ആസ്ഥാനമായുള്ള കമ്പനിയുടെ സെയിൽസ് മാനേജർ; പി.കെ ഫിറോസിനെതിരെ ആരോപണവുമായി കെ.ടി ജലീൽ
|2021ൽ മത്സരിക്കുമ്പോൾ 25 ലക്ഷം രൂപ ബാധ്യതയുണ്ടെന്ന് ഫിറോസ് പറഞ്ഞിരുന്നു. ഇങ്ങനെ ബാധ്യതയുള്ളയാൾക്ക് 2024 ആവുമ്പോഴേക്ക് എങ്ങനെ ഇത്ര സാലറി വാങ്ങുന്ന ജോലി കിട്ടിയെന്ന് ജലീൽ
മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് പി.കെ ഫിറോസിനെതിരെ ആരോപണം തുടർന്ന് കെ.ടി ജലീൽ എംഎൽഎ. പി.കെ ഫിറോസ് ദുബായ് ആസ്ഥാനമായുള്ള കമ്പനിയുടെ സെയിൽസ് മാനേജറാണെന്നും മാസം അഞ്ചേകാൽ ലക്ഷം രൂപ ശമ്പളം ലഭിക്കുന്നുണ്ടെന്നും ആരോപണം.
2024 മാർച്ച് മുതലാണ് ശമ്പളം വാങ്ങുന്നതെന്നും ജലീൽ. ഇതിന്റെ രേഖകളും പുറത്തുവിട്ടു. 2021ൽ മത്സരിക്കുമ്പോൾ 25 ലക്ഷം രൂപ ബാധ്യതയുണ്ടെന്ന് ഫിറോസ് പറഞ്ഞിരുന്നു. ഇങ്ങനെ ബാധ്യതയുള്ളയാൾക്ക് 2024 ആവുമ്പോഴേക്ക് എങ്ങനെ ഇത്ര സാലറി വാങ്ങുന്ന ജോലി കിട്ടിയെന്ന് ജലീൽ ചോദിച്ചു. ഇക്കാര്യത്തിൽ ഫിറോസ് വ്യക്തത വരുത്തണമെന്നും ജലീൽ ആവശ്യപ്പെട്ടു.
തന്നെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാൻ പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ളവർ ഇടപെട്ടു. സിറിയക് ജോസഫിനെ ലീഗ് നേതാക്കൾ സ്വാധീനിച്ചാണ് ബന്ധു നിയമനത്തിൽ തനിക്ക് എതിരെ നടപടി എടുപ്പിച്ചതെന്നും ജലീൽ ആരോപിച്ചു. ലീഗ് നേതാക്കൾ സിറിയക് ജോസഫിനെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അതിന് തിരിച്ച് പ്രതിഫലം നൽകിയതാണ് തനിക്കെതിരായ നടപടിയെന്നുമാണ് ജലീലിന്റെ വാദം.
യുഡിഎഫിന്റെ യുവജന നേതാക്കൾ രാഷ്ട്രീയ രംഗത്ത് പുതിയ മാഫിയ സംസ്‌കാരം കൊണ്ടുവരുന്നുവെന്നും കെ.ടി ജലീൽ. രാഹുൽ മാങ്കൂട്ടം ഉൾപ്പടെയുള്ളവർക്ക് പണമുണ്ടായാൽ എന്തും ചെയ്യാമെന്ന ധിക്കാര മനോഭാവമാണ്. യൂത്ത് കോൺ്ഗ്രസ് വയനാട്ടിൽ വീട് വെക്കാൻ പണം പിരിച്ചത് വിവാദമായി. യൂത്ത് ലീഗ് പണം പിരിച്ചാൽ നേതാക്കൾ പുതിയ കച്ചവടം തുടങ്ങുന്നതാണ് കാഴ്ചയെന്നും ജലീൽ ആരോപിച്ചു.