
സാദിഖലി തങ്ങൾക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നത് മാപ്പർഹിക്കാത്ത തെറ്റ്; പൊലീസ് ശക്തമായ നടപടി സ്വീകരിക്കണം: കെ.ടി ജലീൽ
|വ്യാജ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന ലീഗ് നിലപാട് സ്വാഗതാർഹമാണെന്നും ജലീൽ പറഞ്ഞു
കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നത് മാപ്പർഹിക്കാത്ത തെറ്റാണെന്ന് കെ.ടി ജലീൽ എംഎൽഎ. കക്ഷി രാഷ്ട്രീയ ഭേദമന്യെ ബഹുമാനിക്കുന്ന വ്യക്തിയാണ് സാദിഖലി തങ്ങൾ. താൻ ഉൾകൊള്ളുന്ന തൊഴുവാനൂർ മഹല്ലിന്റെ ഖാദി കൂടിയാണ്. അദ്ദേഹത്തെ സമൂഹ മധ്യത്തിൽ താറടിച്ചു കാണിക്കാൻ നടത്തുന്ന കുൽസിത നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം. പുതിയ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ആരെയും എന്തും ആക്കാൻ സാധിക്കും.
സാദിഖലി തങ്ങളെ സ്‌കൂൾ പഠന കാലം തൊട്ട് വ്യക്തിപരമായി തനിക്കറിയാം. തന്റെ മൂന്നു വർഷം സീനിയറായി ചേളാരി സമസ്താലയത്തിൽ തങ്ങൾ ഒരുമിച്ച് പഠിച്ചവരാണ്. അന്ന് മുതൽ സാദിഖലി തങ്ങളെ വളരെ അടുത്തറിയാം. മാന്യമായ പെരുമാറ്റം കൊണ്ടും കുലീനമായ സമീപനം കൊണ്ടും തന്റെ മനസിൽ ഇടം നേടിയ വ്യക്തിയാണ് സാദിഖലി തങ്ങൾ. രാഷ്ട്രീയമായി അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട്. ആ വിമർശനം മേലിലും തുടരും. പക്ഷെ ഒരിക്കലും വ്യക്തിഹത്യ നടത്തിയിട്ടില്ല. നടത്തുകയുമില്ല.
സാദിഖലി തങ്ങളുടെ സഹധർമ്മിണി സുൽഫത്ത് ബീവി, പിഎസ്എംഒ കോളജിൽ തന്റെ ക്ലാസ്‌മേറ്റാണ്. ഇംഗ്ലീഷിനും അറബിക്കിനും തങ്ങൾ ഒരേ ക്ലാസിലായിരുന്നു. സാദിഖലി തങ്ങൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള ചിത്രങ്ങൾ തീർത്തും വ്യാജമാണ്. ഏതു മാന്യനേയും മോശമാക്കാൻ ഇതുപോലുള്ള വഴികൾ സ്വീകരിക്കുന്നവർ ചെയ്യുന്ന മഹാപരാധം മാപ്പർഹിക്കാത്തതാണ്. ശക്തമായ നിയമ നടപടി വ്യാജ പ്രചരണങ്ങൾക്കെതിരെ സ്വീകരിക്കുമെന്ന ലീഗ് നേതൃത്വത്തിന്റെ നിലപാട് സ്വാഗതാർഹമാണ്. പൊലീസ് ശക്തമായ ഇടപെടൽ നടത്തണം. കുറ്റക്കാരെ കർശനമായി ശിക്ഷിക്കണം. മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് കാര്യങ്ങളുടെ ഗൗരവം ധരിപ്പിക്കും. ഇക്കാര്യത്തിൽ സാദിഖലി തങ്ങൾക്കൊപ്പമാണെന്നും ജലീൽ വ്യക്തമാക്കി.