
'ആര്‍എസ്എസ് മേധാവിയുടെ വിദ്യാഭ്യാസ സദസ്സില്‍ പങ്കെടുത്തിട്ടില്ല' : കുഫോസ് വിസി ഡോ. എ. ബിജുകുമാര്‍
|അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന മറ്റൊരു സെമിനാറിലാണ് പങ്കെടുത്തത് എന്നും അദ്ദേഹം പറഞ്ഞു
കൊച്ചി: ആര്‍എസ്എസ് മേധാവിയുടെ വിദ്യാഭ്യാസ സദസ്സില്‍ പങ്കെടുത്തിട്ടില്ലെന്ന വിശദീകരണവുമായി കുഫോസ് വിസി എ.ബിജുകുമാര്‍. താന്‍ പങ്കെടുത്തത് അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന മറ്റൊരു സെമിനാറിലാണെന്നും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
വി സി എന്ന നിലയില്‍ സെമിനാറില്‍ തന്റെ നിലപാട് വിശദീകരിച്ചുവെന്നും മറ്റുള്ള വാര്‍ത്തകള്‍ തെറ്റെന്നും കുഫോസ് വി സി വ്യക്തമാക്കി. ആസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറില്‍ പങ്കെടുത്ത് 'വിദ്യാഭ്യസ പരിവര്‍ത്തനം കേരളത്തിന്റെ കഴിവുകളും സാധ്യതകളും' എന്ന വിഷയത്തില്‍ തന്റെ നിലപാടുകള്‍ വിശദീകരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരളത്തിലെ അഞ്ച് വിസിമാര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ ആര്‍എസ്എസ് ക്ഷണം ലഭിച്ചിരുന്നു. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതും ഗവര്‍ണറും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
ആര്‍എസ്എസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിസിമാര്‍ പങ്കെടുക്കുന്നതിനെതിരെ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.