
മദ്രസമുറ്റത്ത് ഓമനയുടെ അന്ത്യകർമങ്ങൾ; സ്നേഹത്തിന്റെ കരങ്ങള്‍ നീട്ടി കുമാരനെല്ലൂര്‍ മക്കാ മസ്ജിദ്
|മതവും ജാതിയും നോക്കാതെ മനുഷ്യർക്ക് നന്മ ചെയ്യുകയാണ് ലക്ഷ്യമെന്നും അതാണ് യഥാർത്ഥ മത വിശ്വാസിയുടെ ധർമ്മമെന്നും മക്കാ മസ്ജിദ് പ്രസിഡൻ്റ് മുഹമ്മദ് ഫൈസൽ
കോട്ടയം: നാടിൻ്റെ മതനിരപേക്ഷതയുടെ അടയാളമായി കോട്ടയം കുമാരനെല്ലൂർ മക്കാ മസ്ജിദ്.
കുമാരനെല്ലൂര്‍ ഇര്‍ഷാദുല്‍ മുസ്‌ലിം മദ്രസയ്ക്കടുത്ത് വാടകക്ക് താമസിച്ചിരുന്ന 62കാരി ഓമന രാജേന്ദ്രൻ്റെ മൃതദേഹം പൊതുദർശനത്തിന് വെക്കുന്നതിനും പൂജ നടത്തുന്നതിനും മദ്രസാ ഹാളിൻ്റെ ഒരു ഭാഗം പള്ളി അധികൃതർ തുറന്നുകൊടുത്താണ് മാതൃക തീര്‍ത്തത്. വീട്ടില്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്നാണ് പള്ളികമ്മിറ്റി ഇടപെട്ട്, അവരുടെ കീഴിലുള്ള മദ്രസ വിട്ടുകൊടുത്തത്.
നിലവിളക്കും നാമജപവും ചന്ദനത്തിരിയും എല്ലാം ഒരു രാത്രിയും ഒരു പകലും മദ്രസാ ഹാളിൽ നിറഞ്ഞു. അങ്ങനെ ചേർത്തുപിടിക്കലിൻ്റെ സന്ദേശം പങ്കുവെയ്ക്കുകയായിരുന്നു പള്ളി അധികൃതർ. രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന ഓമന കഴിഞ്ഞ ദിവസമാണ് മരിച്ചത്. വീട്ടിലേക്ക് വഴി സൗകര്യമില്ലാത്തതും സ്ഥല പരിമിതിയും മൂലം ബുദ്ധിമുട്ട് നേരിട്ട കുടുംബത്തെ പള്ളി അധികൃതർ നിറഞ്ഞ മനസ്സോടെ സഹായിക്കുകയായിരുന്നു.
രണ്ടാഴ്ച ആശുപത്രിയില്‍ കിടന്നതിന് ശേഷമാണ് ഓമന മരിക്കുന്നത്. വീട്ടിലേയ്ക്കുള്ള ഇടുങ്ങിയ റോഡിലൂടെ ഒരു സ്‌ട്രെച്ചറോ മൊബൈല്‍ ഫ്രീസര്‍ യൂണിറ്റോ കൊണ്ടുപോകാന്‍ കഴിയില്ല. ഓമനയുടെ ഭര്‍ത്താവും മകള്‍ ജ്യോതികയും മറ്റ് മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നതിനിടെ മക്ക മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ മുന്നോട്ടു വന്ന് അവരുടെ മദ്രസ ഹാള്‍ വിട്ടുകൊടുക്കുകയായിരുന്നു. കമ്മിറ്റി അംഗങ്ങള്‍ക്ക് മുന്നില്‍ വിഷയം അവതരിപ്പിച്ചപ്പോള്‍ അവരും പൂര്‍ണ സമ്മതം മൂളി. രാത്രി 10 മണിയോടെ ഓമനയുടെ മൃതദേഹം പൊതു ദര്‍ശനത്തിനായി മദ്രസഹാളില്‍ വെച്ചു. വെള്ളിയാഴ്ച ഉച്ചവരെ മൃതദേഹം അവിടെ വെച്ചു. കോട്ടയം മുട്ടമ്പലത്തുള്ള പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയി.
മതവും ജാതിയും നോക്കാതെ മനുഷ്യർക്ക് നന്മ ചെയ്യുകയാണ് ലക്ഷ്യം. അതാണ് യഥാർത്ഥ മത വിശ്വാസിയുടെ ധർമ്മമെന്ന് മക്കാ മസ്ജിദ് പ്രസിഡൻ്റ് മുഹമ്മദ് ഫൈസൽ പറഞ്ഞു.
Watch Video